മൂവാറ്റുപുഴ: നഗരവികസനത്തിന്റെ കരാർ എടുത്ത കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. എൽ.എ തഹസിൽദാരും, എക്സിക്യൂട്ടീവ് എൻജിനീയറും, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനമില്ലായ്‌മയും കരാറുകാരന്റെ അലംഭാവവുമാണ് നഗര റോഡ് വികസനം സ്തംഭിക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ഗോപി കോട്ടമുറിക്കൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകി. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനായി ആരംഭിച്ച നഗര റോഡ് വികസനം ജന ജീവിതത്തിന് ദുരിതമായിരിക്കുകയാണ്. 2022ൽ കരാർ ഒപ്പിട്ട് ആരംഭിച്ച 1.8 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് നിർമാണം ഒന്നര വർഷം പിന്നിട്ടപ്പോൾ 20% മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ എന്ന വിവരവകാശ രേഖ ഉൾപ്പെടെയാണ് നിവേദനം. ഒരു വർഷത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. വ്യവസ്ഥകൾ ലംഘിച്ച കരാറുകാരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നഗര റോഡ് വികസനം പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയെ നേരിൽ കണ്ട് ഗോപി കോട്ടമുറിക്കൽ ആവശ്യപ്പെട്ടു.