വൈപ്പിൻ: 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനിലും ശാഖകളിലും ഒരുക്കം തുടങ്ങി. യൂണിയൻ ഹാളിൽ ശാഖാ ഭാരവാഹികളുടേയും പോഷക സംഘടനകളുടേയും യോഗത്തിൽ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ എന്നിവരും വിവിധ ശാഖ ഭാരവാഹികളും സംസാരിച്ചു.
ആഗസ്ത് 20ന് വൈകിട്ട് 3ന് കുഴുപ്പിള്ളി പള്ളത്താകുളങ്ങര ക്ഷേത്രമൈതാനിയിൽ നിന്ന് ആരംഭിക്കുന്ന ചതയ ദിന ഘോഷയാത്ര പഞ്ചവാദ്യം, ചെണ്ടമേളം, തകിൽ മേളം, ബാൻഡ്, കാവടി, തെയ്യം , നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര മൈതാനിയിലെത്തി ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

തുടർന്ന് യൂണിയന്റെയും വിജ്ഞാന വർദ്ധിനി സഭയുടേയും ആഭിമുഖ്യത്തിൽ ജയന്തി സമ്മേളനം നടക്കും. വൈപ്പിൻകരയിലെ മുനമ്പം മുതൽ വൈപ്പിൻ വരെയുള്ള 21 ശാഖകൾ റാലിയിൽ അണിനിരക്കും. മികച്ച പ്രകടനം നടത്തുന്ന 3 ശാഖകൾക്കും മികച്ച 3 നിശ്ചല ദ്യശ്യങ്ങൾക്കും സമ്മാനങ്ങൾ നല്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശബ്ദമുയർത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില മത സംഘടനാ നേതാക്കൾ വിരൽ ചൂണ്ടുന്നത് ആപത്താണെന്ന് പ്രവർത്തക യോഗം മുന്നറിയിപ്പ് നല്കി. യോഗത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു.