ആലുവ: ദേശീയപാതയിൽ പറവൂർ കവലയിൽ ബേക്കറി ഉടമയെയും കുടുംബത്തെയും സമീപത്തെ വ്യാപാരിയും തൊഴിലാളികളും ചേർന്ന് ആക്രമിച്ചതായി പരാതി. പറവൂർ കവല ചൈത്രം ബേക്കറി ഉടമ പുള്ളാട്ട് വീട്ടിൽ അനിൽകുമാർ (55), ഭാര്യ രജിത (45), മകൻ യതിൻ (23), രജിതയുടെ സഹോദരൻ ദേശം രജനീഷ് ഭവനിൽ രജനീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. അനിൽകുമാറിന്റെ ബേക്കറിക്ക് സമീപം മറ്റൊരു ബേക്കറി നടത്തുന്നവരും അവിടത്തെ തൊഴിലാളികളായ പത്തോളം പേരുമാണ് ആക്രമിച്ചതെന്ന് അനിൽകുമാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാഹന പാർക്കിംഗിന്റെ പേരിൽ അനിൽകുമാറിന്റെ ഭാര്യയോട് അശ്ലീലം പറഞ്ഞെത്തിയ സംഘം ആദ്യം യതിനെയാണ് ആക്രമിച്ചത്. തടയാനെത്തിയ രജിതയ്ക്ക് നേരെ കല്ലെറിഞ്ഞു. അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിട്ടെത്തിയ രജിതയ്ക്ക് കല്ലേറിൽ കാര്യമായി പരിക്കേറ്റതായി പറയുന്നു. പിടിച്ചുമാറ്റാനെത്തിയ അനിൽകുമാറിനെയും മർദ്ദിച്ചു.
സംഭവം അറിഞ്ഞ് ചോദിക്കാനെത്തിയ രജനീഷിനെ തലയ്ക്ക് കമ്പിവടിക്ക് അടിച്ചു. ആക്രമിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പറവൂർ കവലയിൽ മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രങ്ങളാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനകാരണമെന്ന് സൂചനയുണ്ട്. ഫ്രീ ലെഫ്റ്റ് സംവിധാനത്തെ തുടർന്ന് ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.