മൂവാറ്റുപുഴ: വീട്ടമ്മയെ അപമാനിച്ചയാൾക്കെതിരെ നിസാരവകുപ്പ് മാത്രം ചുമത്തി കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധം രൂക്ഷം. പൊലീസ് കേസെടുത്ത് വിട്ടയച്ച പ്രതിയുടെ ഭീഷണിയുടെ നിഴലിലാണ് താനും കുടുംബവുമെന്ന് പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ വീട്ടമ്മ പറഞ്ഞു.
തന്നെ അപമാനിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ഭർത്താവിനെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത് കാട്ടിയാണ് പരാതി നൽകിയത്. ജോലിക്ക് പോകുമ്പോൾ ബൈക്ക് കുറുകെ വച്ച് തന്നോടും മകളോടും അശ്ളീല വർത്തമാനം പറയുകയും അസഭ്യം പറയുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നത് പതിവാണെന്നതും പരാതിയിൽ ഉൾപ്പടുത്തിയിരുന്നു. എന്നിട്ടും നിസാര വകുപ്പ് മാത്രം ഇട്ട് കേസെടുത്ത ശേഷം പ്രതി നെല്ലിക്കുഴി കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരൻ പായിപ്ര മൈക്രോ ജംഗ്ഷനില്‍ ഇടശേരിക്കുടിയിൽ നസീറിനെ
വിട്ടയക്കുകയായിരുന്നുവെന്നും പായിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ പറഞ്ഞു.
ഭർത്താവും ഭിന്നശേഷിക്കാരിയായ മകളുമൊത്താണ് ഇവർ വാർത്താ സമ്മേളനം നടത്തിയത്.
ഇതിനു ശേഷവും ഇയാൾ ഭീഷണി തുടരുകയാണ്. സ്കൂൾ ഇല്ലാത്ത ദിവസം മകളെ ഒറ്റക്ക് വീട്ടിൽ നിറുത്തി ജോലിക്ക് പോകാൻ ഭയമാണ്. ഏതു സമയവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ ആത്മഹത്യ അല്ലാതെ വഴി ഇല്ലെന്നും അവർ പറഞ്ഞു.