
ചോറ്റാനിക്കര: അനധികൃതമായ അറവുശാലകൾ പെരുകുമ്പോഴും നടപടി എടുക്കാതെ അധികൃതർ. മുളന്തുരുത്തിയിലും കാഞ്ഞിരമറ്റത്തും ആരക്കുന്നത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ നിരവധി അറവുശാലകളാണ് പ്രവർത്തിക്കുന്നത്. അനധികൃത അറവുശാലകൾക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില നൽകിയാണ് പ്രവർത്തനം. വൃത്തിഹീനമായ സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾ പകർത്തുന്ന രീതിയിലാണ് മിക്കയിടങ്ങളിലും മാംസം സൂക്ഷിക്കുന്നത്. മലിനമായ അന്തരീക്ഷത്തിലാണെന്ന് അറിഞ്ഞിട്ടും വാങ്ങാൻ നിരവധി ആളുകളെത്തുന്നു എന്നതാണ് ഇവരുടെ ധൈര്യം.
അറവുശാലകൾ പാലിക്കേണ്ട നിയമങ്ങൾ
അറവുശാലകളിൽ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തൂക്കിയിടരുത്.
വൃത്തിയുള്ള സാഹചര്യങ്ങളിലാവണം മാംസം സൂക്ഷിക്കേണ്ടത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അറവുശാലകൾ ഉണ്ടായിരിക്കണം
അറവുശാലകൾക്കും വില്പന സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധം
അറക്കപ്പെടുന്ന മൃഗങ്ങളെ അതാത് പ്രദേശങ്ങളിലെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ച് രോഗബാധിതരല്ലെന്ന് സർട്ടിഫിക്കറ്റ് നൽകണം
അറവുശാലകൾക്കെതിരെയുള്ള പരാതികൾ
മാംസത്തിന്റെ ഗുണനിലവാരം മോശം
പോത്തിറച്ചി വില്പനയുടെ മറവിൽ മറ്റ് ഉരുക്കളെ അറക്കുന്നു
രോഗബാധിതരായ മൃഗങ്ങളെ കശാപ്പ് ചെയ്തു വില്പന നടത്തുന്നു
വെറ്റിനറി ഡോക്ടർമാരുടെ പരിശോധനകൾ നടക്കുന്നില്ല
നടപടിയെടുത്ത് മുളന്തുരത്തി പൊലീസ്
അറവുശാലകൾക്കെതിരെ പരാതി പെരുകിയതിനെ തുടർന്ന് പരിശോധനയ്ക്കായി രംഗത്തിറങ്ങി മുളന്തുരത്തി പൊലീസ്. അനധികൃത അറവുശാലകൾ സന്ദർശിക്കുകയും സാഹചര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് തുടർനടപടികൾക്കായൊരുങ്ങുകയാണ് പൊലീസ്. അറവുശാലകൾ നടത്തുന്നവരെയും തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് ചൊവ്വാഴ്ച ചർച്ച നടത്തും.
യോഗത്തിന്റെ അജണ്ടകൾ
മാംസം വൃത്തിയായ സാഹചര്യത്തിൽ സൂക്ഷിക്കാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുക
അറവുശാലകൾക്കും വില്പനശാലകൾക്കും ലൈസൻസ് നിർബന്ധമാക്കുക
അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും ബുച്ചർ ലൈസൻസും നിർബന്ധമാക്കുക
മാംസവിലയിൽ ഏകീകരണം വരുത്തുക
പൊന്നിൻവിലയുള്ള പോത്തിറച്ചി
ജില്ലയിലെ മറ്റു പ്രദേശങ്ങളിലൊക്കെ പോത്തിറച്ചിക്ക് 360-380 രൂപയാണ് വില. മുളന്തുരുത്തിയിലാകട്ടെ വില 430 രൂപ മുതൽ 440 രൂപ വരെയാണ്. ആഴ്ചയിൽ തോന്നുംപോലെ വില കൂട്ടി വിൽക്കുകയാണ് ഇവിടെയുള്ള ഇറച്ചി കടക്കാർ.