mayor

കൊച്ചി: ബ്രസീലിലെ സവോ പേളോയിൽ വച്ച് നടന്ന പ്രാദേശിക സർക്കാരുകളുടെ വേൾഡ് കോൺഗ്രസിൽ കൊച്ചി നഗരത്തിന് വേണ്ടി പ്രധാനപ്പെട്ട രണ്ട് മീറ്റിംഗുകളിൽ മേയർ പങ്കെടുത്തു. ഇന്റർനാഷണൽ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിലാണ് മേയർ ആദ്യം പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിനോട് ചേർന്ന് കിടക്കുന്ന നഗരങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ വലുതാണ്. ദുരന്തങ്ങളിൽ ഒട്ടേറെ പേർ മരണപ്പെടുകയും സ്വത്ത് വകകൾ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനാണ് മേയർമാരുടെ യോഗം വിളിച്ചു ചേർത്തത്. ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നീ ഉപഭൂഖണ്ഡങ്ങളിലെ മേയർമാരാണ് യോഗത്തിൽ പങ്കെടുത്തത്. റെഡ് ക്രോസിന് മുന്നിൽ നാല് നിർദ്ദേശങ്ങളും മേയർമാർ മുന്നോട്ടുവച്ചു.

രണ്ടാമത്തെ മീറ്റിംഗ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പദ്ധതിയുമായിട്ടായിരുന്നു (യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം യു.എൻ.ഇ.പി). യു.എൻ.ഇ.പി യുമായി ചേർന്ന് പേരണ്ടൂർ കനാലിന്റെ വികസനം ചർച്ച ചെയ്തു. കൊച്ചിക്കായി 43 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പേരണ്ടൂർ കനാലിനെ കൂടാതെ പണ്ടാരച്ചിറ തോടിന്റെ നവീകരണത്തിനായുള്ള ഒരു പദ്ധതിയും യു.എൻ.ഇ.പിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജൈവവൈവിദ്ധ്യ കൺവെൻഷൻ ഇത്തവണ കൊളംബിയയിലെ കാലിയിൽ വച്ച് ഒക്ടോബറിൽ നടക്കും. ഈ സമ്മേളനത്തിലേക്ക് മേയർക്ക് പ്രത്യേക ക്ഷണമുണ്ട്.