
പറവൂർ: കാഴ്ചശക്തിയില്ലാത്ത ഭർത്താവിനെ പോറ്റാൻ കൂലിപ്പണിയെടുത്ത് അവശയായ വടക്കേക്കര കട്ടത്തുരുത്ത് സ്വദേശിനി മാലതിക്ക് ജീവിതം ഇനി എന്തെന്ന ആശങ്കയിലാണ്. പ്രായാധിക്യത്താൽ ഒരു പണിക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഈ വൃദ്ധ. ഇത്രനാൾ കയർപിരിച്ചും വീട്ടുജോലി ചെയ്തും കഠിനാദ്ധ്വാനം ചെയ്തിട്ടും കയറിക്കിടക്കാൻ ഒരു കൂരയുണ്ടാക്കാൻ സാധിച്ചില്ല. എഴുപത്തിയൊന്ന് വയസ് പിന്നിട്ട ഇവർ ചെറിയൊരു മഴപെയ്താൽ ചോർന്നൊലിക്കുന്ന തത്കാലിക ഷെഡിലാണ് താമസം. മഴയൊന്നു കനത്താൽ വീട്ടിനുള്ളിലും വെള്ളംകയറും. മക്കളും പറയാൻ അടുത്ത ബന്ധുക്കളുമില്ലാത്ത വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കട്ടത്തുരുത്ത് ഞാലിയത്ത് ശശിക്കും ഭാര്യ മാലതിക്കുമാണ് ഈ ദുരിത ജീവിതം. വീടിന് മുന്നിൽ തോട് ഉള്ളതിനാൽ പുറത്തേയ്ക്ക് പോകണമെങ്കിൽ ചെറുപ്പത്തിലേ കാഴ്ചശക്തി നഷ്ടമായ ശശിക്ക് ഏറെ പണിപ്പെടണം. തോടിന് കുറുകെ മൂന്ന് കോൺക്രീറ്റ് തൂണുകളാണുള്ളത്. കാഴ്ചയുള്ളവർ പോലും ഒന്നുതെറ്രിയാൽ തോട്ടിൽ വീഴും. നാട്ടുകാരിൽ ചിലരുടെ സഹായമാണ് ഏക ആശ്വാസം. സാമൂഹ്യസുരക്ഷ പെൻഷനും മുടങ്ങിയതോടെ മരുന്നുപോലും വാങ്ങാൻ പറ്റാതായി. ഏഴ് സെന്റ് ഭൂമിയുണ്ടെങ്കിലും ഒരു സർക്കാർ പദ്ധതി പ്രകാരവും വീട് ലഭിച്ചില്ല. ഇതിനായി പലവട്ടം പഞ്ചായത്തിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പലതവണ കയറിയിറങ്ങിയിട്ടും നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. കയറിക്കിടക്കാൻ ഒരു വീടാണ് ഇവരുടെ സ്വപ്നം. അതിനായി അധികൃതരുടെ കാരുണ്യത്തിനായി കാത്തിരിക്കുയാണ് ഈ വൃദ്ധദമ്പതികൾ.