വൈപ്പിൻ: സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തി സർക്കുലർ ഇറക്കിയ പറവൂർ സബ് ആർ.ടി ഓഫീസിനെതിരെ വൈപ്പിൻ, പറവൂർ മേഖലയിലെ ഡ്രൈവിംഗ് സ്‌കൂളുകളും പഠിതാക്കളും സമരത്തിനൊരുങ്ങുന്നു. 26ന് പറവൂർ ആർ.ടി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉള്ള ആർ.ടി ഓഫീസിൽ 80 പേരെ രണ്ട് ബാച്ചുകളായി ടെസ്റ്റ് നടത്താമെന്നിരിക്കെ ഇവിടെ 30 പേരിൽ താഴെ ഒരു ബാച്ച് ടെസ്റ്റ് മാത്രമേ നടത്തുന്നുള്ളൂ. ടെസ്റ്റ് തോറ്റാൽ റീടെസ്റ്റ് ഏഴു ദിവസം കഴിഞ്ഞാൽ നടത്താമെന്ന് നിയമമുള്ളപ്പോൾ പലർക്കും ടെസ്റ്റിന് ഡേറ്റ് കിട്ടാത്ത അവസ്ഥയാണ്. ലേണേഴ്‌സ് ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുൻപായി ടെസ്റ്റ് ഡേറ്റ് കിട്ടാത്തതിനാൽ ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
പത്തിൽ ഒരാളാണ് നിലവിൽ ടെസ്റ്റ് പാസാകുന്നത്. രാവിലെ ആറുമണിക്ക് ഗ്രൗണ്ടിൽ വരുന്ന പഠിതാക്കളുടെ ടെസ്റ്റ് കഴിയുന്നത് വൈകിട്ട് 5 മണിക്കാണ്. ഉച്ചക്ക് ഒരു മണിക്ക് മുമ്പായി തീർക്കാവുന്ന ടെസ്റ്റ് വൈകുന്നേരം വരെയാക്കി കഷ്ടപ്പെടുത്തുന്നതായും പരാതിയുണ്ട് .
വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളവർ വ്യക്തമായ കാരണം കാണിച്ചാൽ ടെസ്റ്റ് ഡെയ്റ്റ് നൽകണമെന്ന നിയമം പറവൂരിലെ ഉദ്യോഗസ്ഥർ പാലിക്കുന്നില്ല. ലൈസൻസ് പുതുക്കുന്നതിന് ഒരു വർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകാമെന്ന നിയമം ഇവിടെ നടപ്പിലാക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജോയിന്റ് ആർ.ടി.ഒക്ക് നിവേദനം നൽകിയിട്ടും ഒരു നടപടിയും ഇല്ലാത്തതിനാലാണ് പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുന്നത്
മനു കുഞ്ഞുമോൻ
പി.എസ്. സജി
എസ്.പി. രാജൻ
മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ
വർക്കേഴ്‌സ് യൂണിയൻ ഭാരവാഹികൾ