
പറവൂർ: തെരുവുനായ്ക്കൾ കൂട്ടത്തോടെ അക്രമിക്കാനെത്തിയപ്പോൾ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഗോതുരുത്ത് നെൽസന്റെ മകൻ ഹാഷി (18)മിനാണ് ശനിയാഴ്ച രാത്രി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പഞ്ഞംകവലയിൽ വച്ച് തെരുവുനായ്ക്കൾ ആക്രമിച്ചത്. ആറിലധികം നായ്ക്കൾ കടിക്കാനായി വന്നപ്പോൾ വേഗത്തിൽ സൈക്കിൾ ഓടിച്ചപ്പോൾ മറിഞ്ഞുവീഴുകയായിരുന്നു. നായ്ക്കൾ പിന്തുടർന്നെങ്കിലും സമീപത്തുള്ള വീട്ടിൽ ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഗോതുരുത്ത് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും രാത്രിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.