ആലുവ: ലഹരിയെ ക്ലീൻ ബൗൾഡ് ആക്കാൻ റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ട്വന്റി ട്വന്റി മാതൃകയിലുള്ള ഡി.ഐ.ജി കപ്പ് ക്രിക്കറ്റ് കാർണിവെലിന്റെ പ്രാഥമിക മത്സരങ്ങൾ പൂർത്തിയായി. അഞ്ച് സബ് ഡിവിഷനുകളിലായി 34 ടീമുകളാണ് മത്സരിച്ചത്.
ആലുവ വെസ്റ്റ് (ആലുവ സബ് ഡിവിഷൻ), കുന്നത്തുനാട് (പെരുമ്പാവൂർ), ഊന്നുകൽ (മൂവാറ്റുപുഴ), വരാപ്പുഴ (മുനമ്പം), പുത്തൻകുരിശ് (പുത്തൻകുരിശ്) എന്നീ പൊലീസ് സ്റ്റേഷനുകളാണ് സബ് ഡിവിഷൻ ജേതാക്കളായത്. ഇവർ ഇന്നും നാളെയും മറ്റന്നാളുമായി ആലുവയിൽ നടക്കുന്ന രണ്ടാംഘട്ട മത്സരത്തിൽ ഏറ്റുമുട്ടും.
മീഡിയ ക്ലബ്ബ് ആലുവ, ഇൻകം ടാക്‌സ്, ആദിശങ്കര എൻജിനീയറിംഗ് കോളേജ്, രാജഗിരി ഹോസ്പിറ്റൽ, കോസ്റ്റൽ വാരിയേഴ്‌സ്, റവന്യൂ എറണാകുളം, എക്‌സൈസ് എറണാകുളം ഇലവൻ, ഡോക്ടേഴ്‌സ് എറണാകുളം, ഫോറസ്റ്റ് തുടങ്ങിയ ടീമുകൾ രണ്ടാം ഘട്ടത്തിൽ പൊലീസ് ടീമുകളുമായി ഏറ്റുമുട്ടും.
പൊലീസും പൊതുജനവും ഉൾപ്പെടുന്നതാണ് പൊലീസ് ടീം. പെരുമ്പാവൂർ സബ്ഡിവിഷനിൽ ഇന്ത്യൻ താരം ബേസിൽ തമ്പി ഉൾപ്പെടെയുള്ളവർ കളിക്കുന്നുണ്ട്.
24ന് രാവിലെ 10ന് ആലുവ തുരുത്ത് ഗോട്ട് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടാം ഘട്ട മത്സരം ആരംഭിക്കും. കളിക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിക്കെതിരെ ബോധവത്കരണവും കൂട്ടായ്മയുമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.