car

കിഴക്കമ്പലം: പള്ളിക്കര വണ്ടർലായ്ക്ക് സമീപം ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പിന്നിൽ ഡിക്കിയുടെ ഭാഗത്ത് നിന്ന് തീ പടരുന്നത് കണ്ട് പെട്ടെന്ന് വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ഞായർ രാത്രി പത്തരയോടെയാണ് സംഭവം. തൃക്കാക്കര തേവയ്ക്കൽ പറക്കാട്ട് അനിത, മകൻ ശ്യാം എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കോഴിക്കോട് ബന്ധു വീട്ടിൽ പോയി മടങ്ങും വഴി വണ്ടർലായ്ക്കടുത്തുള്ള വില്ലയിൽ സുഹൃത്തിനെ ഇറക്കി മടങ്ങുമ്പോഴാണ് തീ പിടിത്തമുണ്ടായത്. ശ്യാമായിരുന്നു കാർ ഓടിച്ചിരുന്നത്. പിന്നിൽ തീ കണ്ടതോടെ കാർ പെട്ടെന്ന് നിർത്തി അമ്മയേയും കൂട്ടി പുറത്തേയ്ക്കിറങ്ങിയതോടെ വൻ ദുരന്തം ഒഴിവായി. ഇവർ ഇറങ്ങിയ ഉടൻ കാർ ആളിക്കത്തുകയായിരുന്നു. സംഭവമറിഞ്ഞ് പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

വാഹനങ്ങളിലെ

തീപിടിത്തത്തിന്

കാരണങ്ങൾ പലത്

1.ഇന്ധന ചോർച്ച

2.ബോണറ്റിൽ തീപിടിക്കാൻ സാദ്ധ്യതയുള്ള സാധനങ്ങൾ സൂക്ഷിക്കുക

3.വയറിംഗിലെ മാറ്റം വരുത്തൽ

4. അനധികൃത സി.എൻ.ജി,​ എൽ.പി.ജി കിറ്റുകൾ

5.ഡിസൈനിലെ പിഴവുകൾ

6.നിയമവിരുദ്ധമായ പരിഷ്കാരങ്ങൾ