
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ പുലിയണിപ്പാറയ്ക്ക് സമീപമുള്ള ആനപ്പാറയെ ശില്പിയും ചിത്രകാരനുമായ ജയൻ വേങ്ങൂർ ചായക്കൂട്ടൊരുക്കി യഥാർത്ഥ ആനയുടെ രൂപത്തിലാക്കിയതോടെ, ആ കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. പ്രകൃതി നൽകിയ ആനരൂപത്തിന് ദൃശ്യഭംഗി നൽകിയപ്പോൾ കാഴ്ചക്കാർക്കത് വിസ്മയമായി മാറിയിരിക്കുകയാണ്. ലക്ഷണമൊത്ത ആനപ്പാറയുടെ മുകളിൽ കയറാൻ ഇപ്പോൾ സഞ്ചാരികളുടെയും നാട്ടുകാരുടെയും തിരക്കാണ്. തിരക്കേറിയപ്പോൾ ഓരോരുത്തർക്കും അഞ്ച് മിനിറ്റ് മാത്രമാണ് ആനപ്പുറത്തേറാൻ അനുവാദമുള്ളത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന പുലിയണിപ്പാറയുടെ താഴ്‌വാരത്താണ് ഈ ആനപ്പാറ. കോടനാട് അഭയാരണ്യം, പാണിയേലി പോര്, നെടുമ്പാറ ചിറ, പാണംകുഴി പുഴയോരം, ഹരിത ബയോ പാർക്ക്, പുലിയണിപ്പാറ എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തി ആനപ്പുറത്തേറിയാണ് മടങ്ങുന്നത്.
നിരവധി പുരസ്കാരങ്ങൾ നേടിയ ജയൻ വേങ്ങൂർ സ്വയമാർജ്ജിച്ച കഴിവിലൂടെയാണ് മികച്ച് കലാകാരനായി മാറിയത്. വിദേശിയരടക്കം നിരവധി പേരാണ് ജയന്റെ ചിത്രങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഗായകൻ യേശുദാസ് ഉൾപ്പെടെ നിരവധി പ്രമുഖർക്ക് അവരുടെ ചിത്രങ്ങൾ ജയൻ വരച്ച് നൽകിയിട്ടുണ്ട്.
സാഹിത്യപ്രവർത്തകൻ ഇ.വി. നാരായണൻ ചീഫ് കോ-ഓർഡിനേറ്ററും ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ചെയർമാനും എം.എം. ഷാജഹാൻ ട്രഷററുമായ സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരമുള്ള വായനാപൂർണ്ണിമ കഴിഞ്ഞ ദിവസം ജയന്റെ കഴിവിനെ ആദരിച്ച് രാജശില്പി പുരസ്‌കാരം നൽകിയിരുന്നു.
പ്രത്യേകിച്ച് ആരുടെയും നിർദ്ദേശമില്ലാതെ സ്വമനസാലെയാണ് ആനപ്പാറയിൽ ചിത്രപ്പണി ചെയ്തത്. സുഹൃത്തും ചിത്രകാരനുമായി സനലും സഹായത്തിന് ഉണ്ടായിരുന്നു
ജയൻ വേങ്ങൂർ
ചിത്രകാരൻ