തൃപ്പൂണിത്തുറ: ഉദയംപേരൂർ പത്താംമൈലിൽ മീഡിയനിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ യുവാക്കളുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ആവശ്യപ്പെട്ടു. ഉദയംപേരൂർ, ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി തൃപ്പൂണിത്തുറ പി.ഡബ്ല്യു.ഡി. ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്താംമൈലിലെ മീഡിയന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് നിരവധിതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ചതിന്റെ ഫലമാണ് ഈ അപകടമെന്നും ഉത്തരവാദികളായവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി.
സൗത്ത് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര, തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി. പോൾ, നേതാക്കളായ സി. വിനോദ്, ജൂബൻ ജോൺ, എം.പി. ഷൈമോൻ, ഡി. അർജുനൻ, പി.ബി. ഹണീഷ്, ഇ.എസ്. ജയകുമാർ, പി.ബി. സതീശൻ, ബെന്നി തോമസ്, ദീപക് മേനോൻ, അമിത് ശ്രീജിത്ത്, കെ.വി. രത്നാകരൻ, ടി.ആർ. രാജു, സി.പി. സുനിൽകുമാർ, സി.ആർ. അഖിൽരാജ് തുടങ്ങിയവർ സംസാരിച്ചു.