മൂവാറ്റുപുഴ : കാട്ടനാകളെ നേരിടാൻ ആർ.ആർ.ടി സംഘം രൂപീകരിക്കുമെന്ന് നിയമസഭയിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എക്ക് വനംമന്ത്രി എ.കെ ശശിന്ദ്രന്റെ ഉറപ്പ്. കഴിഞ്ഞ മാർച്ചിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഈ വിഷയം ഡോ. മാത്യു കുഴൽനാടൻ ഉന്നയിച്ചത്. 24 മണിക്കൂർ പ്രവർത്തനസജ്ജമായ എമർജൻസി ഓപ്പറേഷൻ സെന്റർ ആരംഭിക്കുന്നതിനും സർക്കാർ നടപടികൾ തുടങ്ങിയതായി മന്ത്രി പറഞ്ഞു. തലക്കോട് മുള്ളരിങ്ങാട് റോഡിന്റെ വലതു ഭാഗത്താണ് കാട്ടാന ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. അതിനാൽ റോഡിന്റെ ഇടത് വശത്ത് 3 കിലോമീറ്റർ നീളത്തിൽ സൗരോർജ്ജ വേലി സ്ഥാപിച്ചു കഴിഞ്ഞു. ഇനി 1.5 കിലോമീറ്റർ നീളത്തിൽ തൂക്കുവേലി സ്ഥാപിക്കേണ്ടതുണ്ട്. രാഷ്ട്രീയ കൃഷി വികാശ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പദ്ധതി യഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.