y
കുടിവെള്ളപ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനി​യറെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിക്കുന്നു

തൃപ്പൂണിത്തുറ: നഗരസഭ ഒന്നും രണ്ടും വാർഡുകളിൽ 2 മാസത്തിലേറെയായി അനുഭവപ്പെടുന്ന കുടിവെള്ളപ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രവീൺ പറയന്താനത്തിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനി​യറെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വരുന്ന ശനിയാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് അധി​കാരി​കൾ ഉറപ്പ് നൽകി​. ഉറപ്പ് പാലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അതോറിറ്റി ഓഫീസിനു മുന്നിൽ പ്രശ്നം പരിഹരിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് എരൂർ മണ്ഡലം പ്രസിഡന്റ് വിനു സിറിൽ, പി.ഡി. ശ്രീകുമാർ, ജോഷി സേവ്യർ, എൻ.എം. ബാബു, വി.പി. സതീശൻ, കെ.ബി. ബാലചന്ദ്രൻ, എം.എസ്. സതീശൻ, ആർ. നന്ദകുമാർ എന്നിവർ സംസാരിച്ചു.