
കൊച്ചി: ശക്തമായ മഴ പെയ്തെങ്കിലും ഇന്നലെ നഗരത്തിൽ നേരിയ വെള്ളക്കെട്ട് മാത്രം. കെ.എസ്.ആർ.ടി.സി പരിസരം, അംബേദ്കർ റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ചെറിയതോതിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. ജൂൺ ആദ്യം പെയ്ത ശക്തമായ മഴയിൽ നഗരം വെള്ളത്തിലായത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ കാനശുചീകരണമുൾപ്പെടയുള്ള നടപടികൾ ഫലം കണ്ടതോടെയാണിത്. സാധാരണ മണിക്കൂറുകളോളം വെള്ളക്കെട്ടിലാകുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ഇത്തവണ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായില്ല.
കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ പെയ്തെങ്കിലും നഗരപ്രദേശങ്ങളിലെങ്ങും കാര്യമായ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തില്ല.
ഏതു സാഹചര്യവും നേരിടാൻ റെഡി
കനത്ത മഴ തുടരുന്നതിനാൽ ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കമാൻഡ് ഇൻസ്പെക്ടർ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബോർഡിനേറ്റ് ഓഫീസർമാരടമക്കം 32 അംഗസംഘമാണെത്തിയത്. ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ് സംഘത്തിന് നിർദ്ദേശങ്ങൾ നൽകി.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിട്ടുള്ളത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിലാണ് സംഘം ക്യാംമ്പ് ചെയ്യുന്നത്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വില്ലേജ് അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശ ഭരണപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യസ്ഥാപനങ്ങൾക്കും ആരോഗ്യവിഭാഗത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
സാധാരണയായി ഏറെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ള മൂവാറ്റുപുഴ, കോതമംഗലം പ്രദേശത്തിന് പ്രത്യേക പരിഗണന നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്.
ജില്ലയിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും നേരിടാൻ ജില്ല പൂർണസജ്ജമാണ്. വിവിധ വകുപ്പുകളുടെ ഏകോപനം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
വി.ഇ. അബ്ബാസ്
ഡെപ്യൂട്ടി കളക്ടർ ദുരന്തനിവാരണം