sndp-paravur-
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സംയുക്തയോഗത്തിൽ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തുന്നു

പറവൂർ: സത്യം പറഞ്ഞതിന്റെ പേരിൽ ഏതൊക്കെ വർഗീയ ശക്തികൾ എതിർത്താലും പ്രതിരോധിക്കാൻ യൂണിയനിലെ മുഴുവൻ അംഗങ്ങളും പൊതുസമൂഹവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം നിൽക്കുമെന്ന് പറവൂർ യൂണിയൻ സംയക്തയോഗം പ്രഖ്യാപിച്ചു.

ഈഴവ ജനതയ്‌ക്ക് അർഹതപ്പെട്ട അനുകൂല്യങ്ങൾ നിഷേധിക്കുമ്പോൾ അക്കാര്യം ലോകജനതക്ക് മുന്നിൽ അവതരിപ്പിക്കേണ്ട കർത്തവ്യമാണ് ജനറൽ സെക്രട്ടറി നിർവഹിച്ചത്. സംഘടിതമത വോട്ടുബാങ്ക് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവർ അധികാരവും സമ്പത്തും പങ്കുവച്ചപ്പോൾ അടിസ്ഥാന ജനവിഭാഗത്തെ അവഗണിച്ച് ന്യൂനപക്ഷ പ്രീണനം നടത്തിയതിനെയാണ് വെള്ളാപ്പള്ളി എതിർത്തത്.

ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ജീവൻ അപകടത്തിലാക്കാൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. വർഗീയ ശക്തികളിൽ നിന്ന് ജീവൻ ത്യജിച്ചും ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുമെന്ന് സംയുക്തയോഗം പ്രതിജ്ഞയെടുത്തു.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രഥമസംയുക്ത യോഗത്തിൽ യൂണിയൻ ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു. ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, ടി.എം. ദിലീപ്. വി.എം. നാഗേഷ്, വി.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.