നെടുമ്പാശേരി: 40 കോടി രൂപയോളം വിലയുള്ള കൊക്കെയ്ൻ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിലായ ടാൻസാനിയൻ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു ആശുപത്രി വിട്ടില്ല.
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കൊക്കെയ്ൻ വിഴുങ്ങിയതായി വിമാനത്താവളത്തിലെ സ്കാനിംഗിൽ വ്യക്തമായതിനെ തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ച് വയർ കഴുകിയാണ് പുറത്തെടുക്കുന്നത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന ടാൻസാനിയൻ യുവാവ് ഒമരി അതുമാനി ജോങ്കോയുടെ വയർ കഴുകിയപ്പോൾ 19 കോടിയിലേറെ രൂപ വിലവരുന്ന 1945 ഗ്രാം കൊക്കെയ്ൻ ഞായറാഴ്ച ഡി.ആർ.ഐക്ക് ലഭിച്ചിരുന്നു. സമാനമായ അളവിൽ കൊക്കെയ്ൻ യുവതിയുടെ വയറ്റിലും ഉണ്ടെന്നാണ് സ്കാനിംഗിൽ വ്യക്തമായത്. ഇതിൽ 1800 ഓളം ഗ്രാം പുറത്തെടുത്തതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 16നാണ് എത്യോപ്യയിൽനിന്ന് ദോഹവഴി ഇൻഡിഗോ വിമാനത്തിൽ ഇരുവരും നെടുമ്പാശേരിയിലെത്തിയത്. ഡി.ആർ.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ വിശദമായി പരിശോധിച്ചത്. ഒമരി അതുമാനിയ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.