
കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിനും കെ.എസ്.ആർ.ടി.സി ബസിനും മുകളിലേക്ക് മരം വീണ് കാർ യാത്രികന് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കുണ്ടായ കനത്ത കാറ്റിലും മഴയിലും റോഡരികിൽ നിന്ന മരം കടപുഴകി വീഴുകയായിരുന്നു. രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ സ്വദേശി കുപ്പമലയിൽ ജോസഫ് (പൊന്നച്ചൻ, 63 ) ആണ് മരിച്ചത്. ഭാര്യ അന്നക്കുട്ടി, മകൾ അഞ്ജുമോൾ, മരുമകൻ ജോബി ജോൺ എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ. അഞ്ജുമോൾ ഗർഭിണിയാണ്. പരിക്കേറ്റ മൂവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അന്നക്കുട്ടിയുടെ കാലിന് പൊട്ടലുണ്ട്.
ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേയുള്ളൂ. ബസിന് മുകളിലേക്ക് വീണ മരം ആൾട്ടോകാറിലേക്ക് ഉൗർക്കു പതിക്കുകയായിരുന്നു. മറ്റൊരു മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ പതുക്കെ നീങ്ങുന്നതിനിടെയാണ് സംഭവം. നൂറ് ഇഞ്ചോളം ചുറ്റളവുള്ള വലിയമരവും കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. മരത്തിന്റെ കടഭാഗം കാറിലേക്ക് അമർന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. കാർ നിശേഷം തകർന്നു. പിൻസീറ്റിലായിരുന്നു ജോസഫ്. ജോബിയാണ് ഓടിച്ചിരുന്നത്. ഒന്നര മണിക്കൂറോളം ഇവർ കാറിനുള്ളിൽപ്പെട്ടു. കട്ടപ്പനയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു കാർ യാത്രികർ.
സംഭവത്തെ തുടർന്ന് മൂന്നാർ പാതയിൽ വലിയ ഗതാഗത തടസമുണ്ടായി. കോതമംഗലത്ത് നിന്നും അടിമാലിയിൽ നിന്നും ഫയർ എൻജിനുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുക്കും മുമ്പേ ജോസഫ് മരിച്ചു.
നാഷണൽ ഹൈവേ വർക്ക്സൈറ്റിൽ നിന്നുള്ള ജെ.സി.ബിയുടെ സഹായത്തോടെയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. രാത്രി ഏഴരയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കോതമംഗലം അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രകാശന്റെയും സീനിയർ ഫയർ ഓഫീസർ പി.എം. റഷീദിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.