
കൊച്ചി: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കൊച്ചി സൗത്ത് ഡിവിഷനിലെ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ തുക ലാപ്സാകുമെന്ന് ആരോപിച്ച് കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഏകാംഗ സമരം നടത്തി. ഒരുകോടി രൂപ ചെലവഴിച്ച് ഹഡ്കോയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നഗരഹൃദയത്തിൽ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന കെട്ടിടമാണ് എക്സിക്യുട്ടീവ് എൻജിനീയറുടെ അനാസ്ഥമൂലം ലാപ്സാകുന്നതെന്ന് കൗൺസിലർ ആരോപിച്ചു. ഈ മാസം 30ന് നിർമ്മാണ പ്രവർത്തനം ആരംഭിക്കേണ്ട പദ്ധതിക്കായി തിങ്കളാഴ്ച ധാരണാപത്രം ഒപ്പിടാൻ കരാർ കമ്പനി എത്തിയപ്പോഴാണ് പദ്ധതിക്ക് ചീഫ് എൻജിനീയറുടെ അനുമതി വേണമെന്നും തിരുവനന്തപുരത്തേക്ക് അയയ്ക്കണമെന്നും എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചതെന്ന് പദ്മജ എസ് മേനോൻ പറഞ്ഞു. 75 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കെ തനിക്ക് അംഗീകാരം നൽകാൻ സാധിക്കൂ എന്നും അതിന് മുകളിലുള്ളവയ്ക്ക് ചീഫ് എൻജിനീയറുടെ അനുമതി വേണമെന്നുമാണ് എക്സിക്യുട്ടീവ് എൻജീനിയർ അറിയിക്കുകയായിരുന്നു. 22 മാസമായി പദ്ധതിക്കായി കോർപ്പറേഷന്റെ അനുമതി തേടി നടക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം അവസാന നിമിഷം പറഞ്ഞത് പദ്ധതി നടപ്പിലാക്കരുതെന്ന അധികൃതരുടെ പിടിവാശികൊണ്ടാണെന്നും കൗൺസിലർ ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതിനാൽ പദ്ധതി നീണ്ടു പോയിരുന്നു. ഹഡ്കോയ്ക്ക് പലതവണ അപേക്ഷ നൽകിയാണ് പദ്ധതി ഇത്രയും നാളും നീട്ടിയത്. കഴിഞ്ഞ 45 വർഷമായി ഡിവിഷനിൽ ഒരു അങ്കണവാടി ഉണ്ടായിരുന്നില്ല. സ്മാർട്ട് അങ്കണവാടിയാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഒപ്പം സൗജന്യക്രഷ്, പകൽവീട്, എ.ഡി.എസ് ഓഫീസ്, സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം, അൽഷിമേഴ്സ് രോഗികൾക്കുള്ള കേന്ദ്രം എന്നിവയാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിന് മേയറും അധികൃതരും നടപടി കാണണമെന്നും പദ്മജ എസ്. മേനോൻ ആവശ്യപ്പെട്ടു.