milk

കൊച്ചി: കാലാവസ്ഥ വ്യതിയാനം മറികടന്ന് ഇന്ത്യയിൽ പാലുത്പാദനം കുതിച്ചുയരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പാലുത്പാദനം മെച്ചപ്പെട്ടതോടെ ഈ രംഗത്ത് കഴിഞ്ഞ വർഷം ആറ് ശതമാനം വളർച്ചയുണ്ടായി. ആഗോള രംഗത്ത് 25 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിൽ പ്രതിദിനം 235 മെട്രിക് ടൺ പാലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. പാലുത്പന്നങ്ങളുടെ വില്പനയും കുതിക്കുകയാണ്. ബട്ട‌‌ർ.ചീസ്, തൈര്, ഐസ്ക്രീം എന്നിവയുടെ ഉത്പാദവും വ‌ർദ്ധിച്ചെന്ന് നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡ് വിശദീകരിക്കുന്നു. കേരളത്തിലും പനീർ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്

യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാനാണ് ശ്രമം. പുതുതലമുറ ഈ രംഗത്ത് താത്പര്യം പ്രകടിപ്പിക്കാത്തതാണ് വെല്ലുവിളി.

ഡോ.മനീഷ് ഷാ

ചെയർമാൻ

നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ്

രാജ്യാന്തര ഡെയറി

സമ്മേളനം ഇന്ന് തുടങ്ങും

കൊച്ചി: ഇന്ത്യയിൽ നടക്കുന്നആദ്യ ഇന്റ‌ർനാഷണൽ ഡയറി ഫെഡറേഷൻ (ഐ.ഡി.എഫ് ) സമ്മേളനം ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ തുടക്കമാകും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കേരള ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കും. 25 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ നൂതന ഉത്പന്നങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളുമടങ്ങുന്ന പ്രദർശനവും നടക്കും. സമ്മേളനം 28ന് സമാപിക്കും.