തൃപ്പൂണിത്തുറ: ചൂണ്ടി ജലവിതരണ പദ്ധതിയുടെ ഭാഗമായ തൃപ്പൂണിത്തുറ നഗരസഭ, ഉദയംപേരൂർ പഞ്ചായത്ത്, ചോറ്റാനിക്കര പഞ്ചായത്ത് പ്രദേശങ്ങളിൽ മാസങ്ങളോളം നീണ്ട രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. ചൂണ്ടി പമ്പ് ഹൗസിലേക്ക് ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കുഴിക്കുമ്പോൾ ഭൂഗർഭ കേബിൾ ലൈനുകൾ തകരാറായതോടെ വൈദ്യുതി തടസം നേരിടുകയും സുഗമമായ പമ്പിംഗ് നടത്താൻ സാധിക്കാതെ വരികയുമായിരുന്നു. അതോടെ 46 എം.എൽ.ഡി വെള്ളം വിതരണം നടത്തിയിരുന്നത് 10 എം.എൽ.ഡി ആയി കുറയുകയും ചെയ്തു. പ്രശ്ന പരിഹാരത്തിനായി ചൂണ്ടി മുതൽ പുത്തൻകുരിശ് വരെ ഏരിയൽ ബണ്ടിൽഡ് കേബിൾ വലിക്കാൻ ജല അതോറിറ്റി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കെ.എസ്.ഇ.ബി പണി പൂർത്തിയാക്കി ഇന്ന് കമ്മീഷൻ ചെയ്യും. പുത്തൻകുരിശ് മുതൽ ചൂണ്ടി പമ്പ് ഹൗസിലേക്ക് മൂന്നര കോടി രൂപ ചെലവിൽ ഡെഡിക്കേറ്റഡ് ലൈൻ 2011 ൽ കെ.ബാബു എം.എൽ.എ മുൻകൈയെടുത്ത് സ്ഥാപിച്ചിരുന്നു.