
കൊച്ചി: കണ്ടെയ്‌നർ റോഡിലെ ഇരുട്ടുയാത്രയോട് വൈകാതെ ബൈ ബൈ പറയാം. പാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളിലേക്ക് ദേശീയപാത അതോറിട്ടി ( എൻ.എച്ച്.എ.ഐ) ചുവടുവയ്ക്കുന്നു. നാട്ടുകാരുടെ ചിരകാലആവശ്യം പരിഗണിച്ച് 100 കോടിരൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കണ്ടെയ്‌നർ റോഡിൽ വഴിവിളക്കില്ലാത്തത് ഒരു ന്യൂനതയായിരുന്നു. പല അപകടമരണങ്ങൾക്കും ഇത് ഒരു കാരണവുമായി. നാട്ടുകാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഉയർന്ന കടുത്ത പ്രതിഷേധത്തെ തുടർന്നാണ് എൻ.എച്ച്.എ.ഐ ഇത് സംബന്ധിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കിയത്. 17 കിലോമീറ്ററാണ് ദേശീയ പാതയുടെ ആകെ നീളം. ഇതിൽ ഒരിടത്ത് പോലും വഴിവിളക്കില്ല. സന്ധ്യയായാൽ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്.
കണ്ടെയ്നർ റോഡ് തുറന്ന ശേഷം 25ഓളം പേരാണ് വിവിധ അപകടങ്ങളിലായി മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിനാളുകൾ വേറെയും. മരണകാരണമായ അപകടങ്ങളിൽ ഏറെയും നടന്നത് രാത്രിയിലാണ്. ഇത്രയേറെ അപകടമരണങ്ങളും അപകടങ്ങളുമൊക്കെയുണ്ടായിട്ടും റോഡ് വൈദ്യുതീകരണത്തിനായി നടപടി ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.
ഇരുട്ടിനെ പേടിച്ച് ആനവണ്ടിയും
എറണാകുളത്തേയും ഗുരുവായൂരിനേയും ബന്ധിപ്പിക്കുന്ന കെ.എസ്.ആ.ടി.സി റൂട്ട് കണ്ടെയ്‌നർ റോഡിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ രാത്രി ഏഴ് മണിക്ക് ശേഷം കെ.എസ്.ആ.ടി ഇതുവഴി സർവീസ് ഒഴിവാക്കും. പകരം എറണാകുളത്ത് നിന്ന് ആരംഭിച്ച് ഇടപ്പള്ളി വഴി തിരിച്ച് വിടും. കണ്ടെയ്‌നർ റോഡിലെ അപകട സാദ്ധ്യത തന്നെയാണ് കെ.എസ്.ആ.ടി.സിയുടെ ഈ തീരുമാനത്തിന് പിന്നിൽ. സുരക്ഷയെ മുൻ നിർത്തിയാണെങ്കിലും സന്ധ്യയോടെ ബസ് കുറയുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. വഴിവിളക്കുകൾ മിഴിതുറക്കുന്നതോടെ ഈ പ്രശ്‌നം കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
100 കോടി പദ്ധതി
1,000 സ്ട്രീറ്റ് ലൈറ്റുകൾ
ട്രെയ്ലറുകൾക്ക് പാർക്കിംഗ് മേഖല
പാതയോരത്ത് പൂന്തോട്ടം
17 കിലോമീറ്റർ ദേശീയപാതയുടെ ആകെ നീളം
സോളാറല്ല, വരുന്നത് വൈദ്യുത വിളക്ക്
കണ്ടെയ്‌നർ റോഡിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാനായിരുന്നു എൻ.എച്ച്.എ.ഐ ആദ്യം തീരുമാനിച്ചിരുന്നത്. ചെലവ് ഇരട്ടിയായാകുമെന്ന നിഗമനത്തിൽ ഈ നീക്കം ഉപേക്ഷിച്ചെന്നാണ് വിവരം. നിലവിൽ വൈദ്യുത വിളക്കിനാണ് മുൻഗണന.