jangar

പെരുമ്പളം: ഇരുകരകളിലേക്കുമുള്ള ജങ്കാറുകൾ മുടങ്ങിയതോടെ യാത്രാക്ലേശം കൊണ്ട് പൊറുതിമുട്ടി ദ്വീപ് നിവാസികൾ. കിൻകോയിൽ നിന്നും വാടകയ്ക്കെടുത്ത് വാത്തിക്കാട് - പൂത്തോട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന ജങ്കാറിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞയാഴ്ച അവസാനിച്ചതോടെ ആ റൂട്ടിലെ സർവ്വീസ് നിലച്ചിരുന്നു. ഷാഫ്റ്റിലെ തകരാറുമൂലം വെള്ളിയാഴ്ച പെരുമ്പളം -പാണാവള്ളി റൂട്ടിൽ ഓടുന്ന ഐശ്വര്യം ജങ്കാറും പണി മുടക്കിയതോടെ ദ്വീപിലേക്ക് വാഹന യാത്ര പൂർണമായും നിലച്ചു. പല വാഹനങ്ങളും ദ്വീപിനു പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. വാത്തിക്കാട് - പൂത്തോട്ട റൂട്ടിൽ ഓടുന്ന ജങ്കാറിന്റെ ഫിറ്റ്നസ് തീർന്നതായി അധികൃതർ സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ് ഇട്ടെങ്കിലും ഐശ്വരം നിലച്ചതിനെക്കുറിച്ച് യാതൊരു അറിയിപ്പും ഇല്ലായിരുന്നു എന്ന പരാതിയുമുണ്ട്.

ജങ്കാറുകൾ മുടങ്ങിയതോടെ പാണാവള്ളിയിൽ നിന്നുമുള്ള അവശ്യ സാധനങ്ങൾ ദ്വീപിലേക്ക് എത്തുന്നില്ല. ആശുപത്രിയിലേക്കുള്ള മരുന്ന്, മാവേലി സ്റ്റോർ, റേഷൻകടകളിലേക്കുള്ള പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ, കാലിത്തീറ്റ, വൈക്കോൽ, നിർമ്മാണ സാമഗ്രികൾ തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ ജങ്കാറിലാണ് പെരുമ്പളത്ത് എത്തുന്നത്.

ആശ്രയം തുരുമ്പെടുത്ത ബോട്ടുകൾ

ഇപ്പോൾ ബോട്ടുകളെ പൂർണ്ണമായും ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പെരുമ്പളം കേന്ദ്രീകരിച്ച് ഓടുന്ന എല്ലാ ബോട്ടുകളും തുരുമ്പെടുത്ത് ദ്രവിച്ചതാണ്. ബോട്ടുകളുടെ മുകളിൽ നിന്നുള്ള ചോർച്ച കൂടാതെ താഴെയുള്ള ഓട്ടകളിലൂടെ ബോട്ടിനകത്തേക്ക് വെള്ളം കയറും. ചാമ്പ് പൈപ്പ് ഉപയോഗിച്ചാണ് വെള്ളം കളയുന്നത്. എന്നാൽ വെള്ളം കൂടുമ്പോൾ പല ബോട്ടുകളിലും മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യേണ്ടി വരാറുമുണ്ട്. ജങ്കാർ നിലച്ചതോടെ ബോട്ടുകളിൽ തിരക്ക് ഇരട്ടിയായി. കുമരകം ബോട്ടപകടം ആവർത്തിക്കരുതേ എന്ന പ്രാർത്ഥനയാണ് യാത്രക്കാർക്ക്.

പൂത്തോട്ട ജങ്കാറിന്റെ ഫിറ്റ്നസ് കാലാവധി തീർന്നു. അവിടേയ്ക്കുള്ള ജങ്കാർ സർവ്വീസ് ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പാണാവള്ളി റൂട്ടിലെ ഐശ്വര്യം ജങ്കാറിന്റെ ഷാഫ്റ്റിലെ റഡർ ഒടിഞ്ഞത് റിപ്പയർ ചെയ്ത് ഇന്ന് മുതൽ സർവ്വീസ് പുനരാരംഭിക്കും

വി.വി. ആശ, പ്രസിഡന്റ്

പെരുമ്പളം പഞ്ചായത്ത്