nadapatha
റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ളാബുകൾ മാറ്റി സ്ഥാപിച്ച ഭാഗത്തെ റോഡിലെ കുഴികൾ അറ്റകുറ്രപ്പണി നടത്താത്ത നിലയിൽ

ആലുവ: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ആലുവ നഗരത്തിലെ ആറ് റോഡുകളുടെ ടാറിംഗും നടപ്പാത നവീകരണവും ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സ്കൂളുകൾ തുറന്നിട്ടും നടപ്പാതകളുടെ നവീകരണം നീളുന്നതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതി​നായി​ അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് പി.ഡബ്ല്യു.ഡി നടപ്പാക്കുന്നത്.

നി​ലവി​ൽ റെയിൽവേ സ്റ്റേഷൻ റോഡ്, സബ് ജയിൽ റോഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലെ കാനകളുടെ നവീകരണവും പുതിയ സ്ളാബുകൾ സ്ഥാപിച്ച് ടൈൽ വിരിക്കുന്ന ജോലികളുമാണ് നടക്കുന്നത്. കാനകളുടെ കോൺക്രീറ്റിംഗ് പലഭാഗത്തും ഇനിയും പൂർത്തിയാകാനുണ്ട്. സ്ളാബ് സ്ഥാപിച്ച സ്ഥലത്ത് ടൈൽ വിരിച്ചിട്ടുമില്ല.

കോൺക്രീറ്റിംഗിനായി റോഡിന്റെ ടാറിംഗും കുത്തിപ്പൊളിച്ചതിനാൽ ഇവിടൊക്കെ ചെളി കെട്ടിക്കിടക്കുകയാണ്. സമീപത്തെ കടകളിലേക്കെല്ലാം ആളുകൾ ചെളി ചവിട്ടിക്കയറ്റുകയാണ്. കാൽനട യാത്രക്കാരും ചെളിയിൽ പുതയുന്നുണ്ട്. റോഡ് നിരപ്പിൽനിന്ന് നടപ്പാതയുടെ ഉയരം കുറഞ്ഞതായും പരാതിയുണ്ട്. നേരത്തെ റോഡ് നിരപ്പിൽനിന്ന് നടപ്പാതയ്ക്ക് ഒരടിയോളം ഉയരമുണ്ടായിരുന്നു. ഇപ്പോൾ പാതിയായി കുറഞ്ഞിട്ടുണ്ട്. ടൈൽ വിരിക്കുമ്പോൾ ഉയരം കൂടുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ നിലപാട്.

₹5 കോടിയുടെ പദ്ധതി

1 നഗരത്തിലെ ആറ് റോഡുകളുടെ ടാറിംഗ്

2 പൊതുകാനകളുടെ നവീകരണം

3 പുതിയ സ്ളാബ് സ്ഥാപിക്കൽ

വൈകുന്നത് നിർമ്മാണം രാത്രി മാത്രം

നടക്കുന്നതിനാൽ

നടപ്പാത നിർമ്മാണം വൈകുന്നത് രാത്രി മാത്രം നിർമ്മാണം നടക്കുന്നതിനാലാണെന്ന് പൊതുമരമാത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ പറഞ്ഞു. നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും വാഹനത്തിരക്കേറിയ റോഡും ആയതിനാൽ പകൽ സമയങ്ങളിൽ നിർമ്മാണം നടത്താൻ കഴിയുന്നില്ല. റോഡിന്റെ വലതുവശത്തെ കാന കോൺക്രീറ്റിംഗിന് ശേഷം സ്ളാബ് ഇട്ടിട്ടുണ്ട്. ഇടതുവശത്തെ കാന കോൺക്രീറ്റിംഗും സ്ളാബ് വിരിക്കലും മൂന്ന് ദിവസത്തിനകം പൂർത്തിയാക്കും. മഴ ശക്തിപ്പെടുംമുമ്പ് കാന കോൺക്രീറ്റിംഗ് പൂർത്തിയാക്കാനാണ് ശ്രമം. സ്ളാബിന് മുകളിൽ ടൈൽവിരിക്കുന്നത് മഴശക്തിപ്പെട്ടാലും ചെയ്യാനാകും.

വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കണം

റെയിൽവേ സ്റ്റേഷൻ റോഡിലെ നടപ്പാതകളുടെയും നഗരത്തിലെ റോഡുകളുടെ ടാറിംഗും എത്രയും വേഗം പൂർത്തിയാക്കണം. ജനത്തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിലെ നടപ്പാത നിർമ്മാണം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.

വി.ടി. സതീഷ്, കേരള സാംസ്കാരിക

പരിഷത്ത് ജില്ലാ പ്രസിഡന്റ്