കോലഞ്ചേരി: പുത്തൻകുരിശ് വില്ലേജിൽ ഓഫീസറില്ലാത്തത് നാട്ടുകാരെ വട്ടം കറക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി വില്ലേജ് ഓഫീസർ ഇല്ലാതെ പല തരത്തിലുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി പരാതിയുണ്ട്. അടിയന്തര പ്രാധാന്യമുള്ള പലതരത്തിലുള്ള അപേക്ഷകൾ ചികിത്സാസഹായത്തിനായി രോഗികൾക്ക് കിട്ടേണ്ട സർട്ടിഫിക്ക​റ്റുകൾ, കൃഷിക്കും കർഷകർക്കുമുള്ള സഹായങ്ങൾക്ക് നൽകേണ്ട അപേക്ഷകളും സമയബന്ധിതമായി സമർപ്പിക്കാൻ കഴിയാതെ നൂറുകണക്കിന് ആളുകൾ വലയുകയാണ്. ഒരു മാസം മുമ്പ് ഓഫീസർ വിരമിച്ച ഒഴിവിൽ പുതിയ ആളെ നിയമിച്ചിട്ടില്ല. പട്ടിമറ്റം വില്ലേജ് ഓഫീസർക്കാണ് പകരം ചുമതല. വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കാൻ നടപടി വേണമെന്ന് എൻ.സി.പി (എസ്) പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എം.എം. പൗലോസ്, മണ്ഡലം പ്രസിഡന്റ് ഡാന ടി. പോൾ എന്നിവർ സംസാരിച്ചു.