temple

ആലുവ: ശക്തമായ മഴയിൽ പെരിയാറിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം കയറി. മണപ്പുറത്തെ താത്കാലിക ബലിത്തറകളിലേക്കും വെള്ളം കയറിയതോടെ തർപ്പണ ചടങ്ങുകൾ മുടങ്ങിയത് ഭക്തർക്ക് ദുരിതമായി. ബുധനാഴ്ച രാത്രി പെയ്ത മഴയിലാണ് ഇന്നലെ രാവിലെ ജലനിരപ്പുയർന്നത്. മണപ്പുറത്തിന്റെ ചില ഭാഗങ്ങളിൽ പെരിയാർ കരകവിഞ്ഞതോടെയാണ് ബലിത്തറകളിലേക്കും വെള്ളം കയറിയത്. അതേസമയം മണപ്പുറത്തെ ക്ഷേത്രത്തിൽ നിന്നുള്ള മഴവെള്ളം ഉൾപ്പെടെ പുഴയിലേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് പെരിയാറിലെ വെള്ളം തിരിച്ചുകയറിയത്. മണപ്പുറത്തിന്റെ ഭൂനിരപ്പിൽ നിന്നും മൂന്നടിയിലേറെ താഴ്ചയിലാണ് ക്ഷേത്രം. പൈപ്പുകളുടെ അഗ്രഭാഗം അടക്കാതിരുന്നതാണ് വിനയായത്.

ബലിതർപ്പണം അവതാളത്തിൽ

സൗകര്യമൊരുക്കാതെ ദേവസ്വം ബോർഡ്

മണപ്പുറത്തെ താത്കാലിക ബലിത്തറകളിൽ വെള്ളം കയറി തർപ്പണം മുടങ്ങിയിട്ടും ബദൽ സംവിധാനം ഏർപ്പെടുത്താത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം. ഇന്നലെ തർപ്പണത്തിനെത്തിയ നിരവധി ഭക്തരാണ് മതിയായ സൗകര്യമില്ലാതെ മടങ്ങിയത്. ബദൽ സംവിധാനം ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതിനാൽ തറവാടക നൽകി താത്കാലിക ബലിത്തറ ഒരുക്കിയിരുന്ന പുരോഹിതരിൽ ഭൂരിഭാഗം പേരും മടങ്ങിപ്പോയി. ഒരു വർഷത്തേക്ക് 76, 000 മുതൽ1.50 ലക്ഷം വരെ നൽകിയാണ് 24 പുരോഹിതന്മാർ മണപ്പുറത്ത് ബലിത്തറകൾ ഉപയോഗിക്കുന്നത്. ഇവരിൽ ഇന്നലെ 18 പേരും ചടങ്ങുകൾ നടത്താനാവാതെ മടങ്ങി.

മണപ്പുറത്തെ ദേവസ്വത്തിന്റെ അന്നദാനമണ്ഡപത്തിൽ താത്കാലിക തർപ്പണ സൗകര്യം നൽകണമെന്നാണ് പുരോഹിതന്മാരുടെ ആവശ്യം. എന്നാൽ 1400 രൂപ ദിവസ വാടക വേണമെന്നാണ് ദേവസ്വം നിലപാട്. ബലിത്തറ കരാർ എടുക്കുമ്പോൾ മഴക്കാലത്ത് അന്നദാനമണ്ഡപത്തിൽ തർപ്പണ സാകര്യം ഒരുക്കാമെന്ന് അധികൃതർ വാക്കൽ ഉറപ്പുനൽകിയിരുന്നതായി പുരോഹിതന്മാർ പറയുന്നു.