#പ്രശ്‌നം ഇന്ന് നിയമസഭയിൽ ഉന്നയിക്കും
നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്കും കർഷകർക്കും അടിയന്തര സാമ്പത്തികസഹായം നൽകണമെന്ന ആവശ്യം ശക്തം. പഞ്ചായത്തിലെ ഒൻപത്, 10 വാർഡുകൾ ഉൾപ്പെട്ട 200 മീറ്റർ ചുറ്റളവിലാണ് തിങ്കളാഴ്ച ചുഴലിക്കാറ്റിൽ ഭീമമായ നാശനഷ്ടമുണ്ടാക്കിയിട്ടുള്ളത്.
മരംവീണ് കേടുപറ്റിയ മൂന്ന് വീടുകൾ താമസയോഗ്യമല്ലാതായിട്ടുണ്ട്. ജാതി, വാഴ അടക്കമുള്ള വൻ കൃഷികളും നശിച്ചിരിക്കുകയാണ്. സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന ഗ്രാമത്തിലാണ് ചുഴലിക്കാറ്റിന്റെ കെടുതിയുണ്ടായിട്ടുള്ളത്. നാശം സംഭവിച്ചവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകുകയും, സമയബന്ധിതമായി നഷ്ടപരിഹാരം നൽകാൻ ഊർജിത നടപടി സ്വീകരിക്കണമെന്നും അൻവർസാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. വിഷയം കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തും. ഇന്ന് നിയമസഭയിലും പ്രശ്‌നം അവതരിപ്പിക്കും.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്റെ നേതൃത്വത്തിൽ അംഗങ്ങൾ സന്ദർശിച്ചു. റവന്യു അധികൃതരും സ്ഥലത്തെത്തി.