പറവൂർ: പട്ടണം പ്രദേശത്ത് കേരള ചരിത്ര ഗവേഷണ കൗൺസിലിനായി മുസിരിസ് പൈതൃകപദ്ധതിയിൽ നിർമ്മിച്ച മ്യൂസിയം കെട്ടിടങ്ങളുടെ കൈമാറ്റം അടുത്തമാസം ആറിന് നടക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ കെ.സി.എച്ച്.ആറിന്റെ പട്ടണത്തുള്ള ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

2007 മുതൽ 2015 വരെ ഒമ്പത് ഘട്ടങ്ങളിലായി ദേശീയ അന്തർദ്ദേശീയ സഹകരണത്തോടെ പട്ടണം പ്രദേശത്ത് നടത്തിയ ഉത്ഖനനത്തിലൂടെ വിവിധ സംസ്കാരങ്ങളെയും കാലഘട്ടത്തെയും ബന്ധിപ്പിക്കുന്ന തദ്ദേശീയവും വിദേശീയവുമായ നിരവധി തെളിവുകളാണ് കേരള ചരിത്ര ഗവേഷണ കൗൺസിൽ കണ്ടെത്തിയിട്ടുള്ളത്. ഇവ ചരിത്രാന്വേഷികൾക്കും, ഗവേഷകർക്കും അവതരിപ്പിക്കാനായി ടൂറിസംവകുപ്പിന്റെ സഹായത്താലാണ് മ്യൂസിയത്തിനായി കെട്ടിടങ്ങൾ നിർമ്മിച്ചത്.