zam

നെടുമ്പാശേരി: മടങ്ങിയെത്തുന്ന ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) സജ്ജമായതായി അധികൃതർ അറിയിച്ചു. ജൂലായ് 10 മുതലാണ് മടക്ക സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

ഹാജിമാർക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക കാനുകളിൽ എത്തിയിട്ടുണ്ട്. 10 മുതൽ 27 വരെ സൗദി എയർലൈൻസിന്റെ 16 വിമാനങ്ങളിലായാണ് മടക്കം.

289 തീർത്ഥാടകരുമായി ആദ്യവിമാനം 10ന് രാവിലെ 10.35ന് കൊച്ചിയിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകൾക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ബാഗേജുകൾ എടുക്കാനും അതിവേഗം അറൈവൽ മേഖലയിലേയ്ക്ക് ഇവരെ കൊണ്ടുപോകാനും ഒരോരുത്തർക്കും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സംസം വെള്ളം ലഭ്യമാക്കാനും സൗകര്യമൊരുക്കി.
4778 യാത്രക്കാരാണ് ഇത്തവണ സിയാലിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി യാത്രയായത്. ഇത് റെക്കാഡാണ്.