ചോറ്റാനിക്കര: ജില്ലയിലെ റവന്യു ബ്ലോക്കുകളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ മുളന്തുരുത്തി ബ്ലോക്കിലെ കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ഒഴിവാക്കിയതിൽ കീച്ചേരി ആശുപത്രി മാനേജിംഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിലുള്ളതാണ് കീച്ചേരി ആശുപത്രി.
കീച്ചേരി ആശുപത്രിയുടെ ഭരണ നിയന്ത്രണമുള്ള മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളോട് കൂടിയാലോചന നടത്താതെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ കുടുംബാരോഗ്യകേന്ദ്രങ്ങളെ തിരഞ്ഞെടുത്ത ഉത്തരവ് പുന:ക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ അദ്ധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.പ്രദീപ് , ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.ബഷീർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആർ. ഹരി, ടി.കെ.മോഹനൻ, സി.ആർ. ദിലീപ് കുമാർ , അബ്ദുൾ കരീം, മിനി സോമൻ , മുഹമ്മദ് ഹാഫിൽ എന്നിവർ പങ്കെടുത്തു.