കൊച്ചി: മാടവന ജംഗ്ഷനിൽ ഒരാളുടെ ജീവനെടുത്ത ബസ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് സർക്കാരിനോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെടും. തമിഴ്‌നാട് സ്വദേശി പാൽപാണ്ടിയാണ് ബസ് ഓടിച്ചിരുന്നത്. ഇയാൾ പരിക്കേറ്റ് ചികിത്സയിലായതിനാൽ മൊഴി രേഖപ്പെടുത്താനായിട്ടില്ല. അന്വേഷണ റിപ്പോർട്ടിനൊപ്പമാകും ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുക. ബസ് ഗുരുതര നിയമലംഘനമാണ് നടത്തിയിരുന്നതെന്ന് എം.വി.ഡി കണ്ടെത്തിയിട്ടുണ്ട്. നാഗാലാൻഡ് രജിസ്ട്രേഷനിലുള്ളതാണ് അപകടത്തിൽപ്പെട്ട ലൈലാൻഡ് ബസ്. ഇതിനാൽ ബസിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിലടക്കം എം.വി.ഡിക്ക് പരിമിതികളുണ്ട്. ഗതാഗത വകുപ്പ് മുഖേന നാഗാലാൻഡ് സർക്കാരിന് റിപ്പോർട്ട് നൽകി നടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം. നികുതി വെട്ടിപ്പിനായാണ് ബസുകൾ നാഗാലാൻഡിൽ രജിസ്റ്റർ ചെയ്യുന്നത്. ഇത്തരം ബസുകൾക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണെന്ന് എം.വി.ഡി വൃത്തങ്ങൾ പറഞ്ഞു.