
കൊച്ചി: പന്ത്രണ്ടാമത് കേരള ട്രാവൽ മാർട്ടിലെ ബയർ രജിസ്ട്രേഷൻ ചരിത്രത്തിലാദ്യമായി 2500 കവിഞ്ഞു.
സെപ്തംബർ 26 മുതൽ 29 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് മാർട്ട് സംഘടിപ്പിക്കുന്നത്.
2018ൽ വിദേശ, ആഭ്യന്തര ബയർമാർ 1,305 ആയിരുന്നു. ഇക്കുറി ആഭ്യന്തര ബയർ രജിസ്‌ട്രേഷൻ 1,800ലെത്തി. വിദേശ ബയർമാർ 708 ആണ്. രജിസ്‌ട്രേഷൻ അടുത്ത മാസം വരെയുള്ളതിനാൽ പ്രതിനിധികളുടെ എണ്ണം വർദ്ധിക്കുമെന്ന് സംഘാടകർ പറഞ്ഞു.
73 രാജ്യങ്ങളിൽ നിന്നായി 708 വിദേശ ബയർമാരാണ് രജിസ്റ്റർ ചെയ്തു. യു. കെ (58), യു.എസ്.എ (48), ഗൾഫ് (54), യൂറോപ്പ് (216), റഷ്യ (30), പൂർവേഷ്യ (100) എന്നിങ്ങനെയാണ് രജിസ്ട്രേഷൻ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 41 രജിസ്‌ട്രേഷൻ ലഭിച്ചു.
മഹാരാഷ്ട്ര (521), ഡൽഹി (302) ഗുജറാത്ത് (238) എന്നിവിടങ്ങളിൽ നിന്നാണ് ആഭ്യന്തര ബയർമാർ ഏറ്റവുമധികം രജിസ്റ്റർ ചെയ്തതെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.
വെഡിംഗ് ഡെസ്റ്റിനേഷൻ, ആഗോള സമ്മേളനങ്ങൾ എന്നിവയ്ക്ക്
ട്രാവൽ മാർട്ടിൽ പ്രാധാന്യം നൽകും. 2000ൽ സ്ഥാപിതമായ കെ.ടി.എം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ ആൻഡ് ടൂറിസം മേളയായ കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നത്.