reji
മുളന്തുരുത്തി സാമൂഹിക ആരോഗ്യ കേന്ദ്രം

ചോറ്റാനിക്കര: നൂറിലധികം രോഗികൾക്ക് കിടത്തി ചികിത്സാസൗകര്യം നൽകിയിരുന്ന മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പേരിലൊതുങ്ങി. മഴക്കാല രോഗങ്ങൾ പടരുമ്പോഴും സ്ഥിതിയിൽ മാറ്റമില്ല. രണ്ട് ഡോക്ടർമാരാണ് നിലവിലുള്ളത്. രാവിലെ 9മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഇവരുടെ ഡ്യൂട്ടി സമയം. അതുകഴിഞ്ഞാൽ ഇവി‌ടെയെത്തുന്ന രോഗികൾ സ്വകാര്യആശുപത്രികളിലേക്ക് പോകേണ്ട അവസ്ഥയാണ്. ആശുപത്രി വികസനസമിതി നിയമിച്ചിരിക്കുന്ന അസ്ഥിരോഗവിദഗ്ദ്ധൻ ആഴ്ചയിൽ രണ്ട് ദിവസം ഉച്ചവരെയുണ്ടാകും.

250ലധികം രോഗികൾ എല്ലാദിവസവും ചികിത്സതേടി എത്താറുണ്ട്.

ഇവിടെ ആംബുലൻസ് സൗകര്യമുണ്ടെങ്കിലും ഡ്രൈവർ അപകടത്തിൽപ്പെട്ട് കിടക്കുന്നതിനാൽ ഒരു മാസമായി ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ലാബ് സംവിധാനമുണ്ടെങ്കിലും പരാതിയൊഴിഞ്ഞിട്ട് നേരമില്ല.

മോർച്ചറിയും മൊബൈൽ ഫ്രീസിംഗ് സെന്റർ എന്നിവയുണ്ടെങ്കിലും

സമയത്ത് ഉപകരിക്കുന്നില്ലെന്നാണ് പരാതി. ഡോക്ടർമാർ കുറിച്ചു നൽകുന്ന മരുന്നുകളിൽ ഭൂരിഭാഗവും പുറത്തുനിന്ന് മേടിക്കേണ്ട അവസ്ഥയിലാണ് രോഗികൾ.

അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി പുതിയ ബ്ലോക്ക് അനുവദിച്ചെങ്കിലും ഗൈനക്കോളജിസ്റ്റില്ലാത്തതിനാൽ കെട്ടിടം സാന്ത്വന പരിചരണ വിഭാഗമാക്കി മാറ്റി. ഇവിടെ അഞ്ചുപേർക്ക് പാലിയേറ്റീവ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അതിന്റെ 90 ശതമാനം ചെലവും വഹിക്കുന്നത് ജോസഫ് മാർ ഗീഗോറിയോസ് തിരുമേനിയാണ്. അതിനായി 56,100 രൂപ മാസംതോറും നൽകുന്നുമുണ്ട്. നഴ്സുമാർ രാത്രി ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് കൈത്താങ്ങാകുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് രാത്രിയിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം.

നിലവിലുള്ള ജീവനക്കാർ

ആകെ : 32

ഡോക്ടർമാർ: 2

സ്ഥിരം ജീവനക്കാർ: 16

എച്ച്.എം.സി 10

എൻ.എച്ച്.എം 4

സ്ഥിരമായി രാത്രി ഡ്യൂട്ടിക്ക് മാത്രമായി താത്കാലികമായി സേവനമനുഷ്ടിക്കാൻ ഡോക്ടർമാർ ആരും തയ്യാറാകുന്നില്ല. അമ്പതിനായിരം രൂപ ശമ്പളത്തിൽ ഡോക്ടർമാരെ കിട്ടാനുമില്ല.

ഓഫീസ് സൂപ്രണ്ട്,

മുളന്തുരുത്തി സി.എച്ച്.സി

ആശുപത്രിയിൽ കിടത്തിചികത്സാസൗകര്യമുണ്ടാക്കണം. 24മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. മറ്റ് പോരായ്മകളും പരിഹരിക്കണം.

വി.ഐ. റെജി, കൺവീനർ,

മുളന്തുരുത്തി വികസനസമിതി