കൊച്ചി: ബേക്കറി ഉടമകൾ കോർപ്പറേഷൻ ലൈസൻസ് പുതുക്കുന്നതിന് മലിനീകരണ നിയന്ത്രണബോർഡിന്റെ സമ്മതപത്രം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കഴ്സ് അസോസിയേഷൻ മേയർ എം. അനിൽകുമാറിന് നിവേദനം നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്ന പ്രകാരം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുകയെന്നത് അപ്രായോഗികമാണ്. പുതിയ നിയമ ഭേദഗതി അനുസരിച്ച് ബേക്കറികൾ ഗ്രീൻ കാറ്റഗറിയിൽ വരുന്നതിനാൽ ചെറുകിട വ്യവസായങ്ങളിൽ ഉൾപ്പെടുന്ന ബേക്കറികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ നിയമം ബാധകമല്ലെന്നും അസോസിയേഷൻ പറയുന്നു. ഖരമാലിന്യം നീക്കംചെയ്യുന്ന ഹരിതകർമ്മസേനയിൽനിന്ന് റസീത് കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, ജില്ലാ പ്രസിഡന്റ് വി.പി. അബ്ദുൽ സലീം, ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ശിവദാസ്, സംസ്ഥാന ഭാരവാഹിയായ മുത്തു, സി.എസ്. മനോജ് കുമാർ, ജില്ലാ ഭാരവാഹികളായ ജോസ്, ജോർജ്, ജെമനി സുരേഷ്, ഷബീർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.