
മൂവാറ്റുപുഴ: തകർച്ചയിലായ കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ചെത്ത് തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ. വിദേശ മദ്യശാലകൾക്ക് അനുകൂലമായ മദ്യനയം സർക്കാർ തിരുത്തണമെന്നും മൂവാറ്റുപുഴ താലൂക്ക് ചെത്ത് - മദ്യ വ്യവസായ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ എം.എൽ.എ ബാബു പോൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ.കെ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എ. കുമാരൻ എൻഡോവ്മെന്റ് ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി വിതരണം ചെയ്തു. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടിയ മധു മാധവിന് മുൻ എം.എൽ.എ എൽദോ എബ്രഹാം ഉപഹാരം നല്കി. പുതിയ ഭാരവാഹികളായി ബാബു പോൾ (പ്രസിഡന്റ്), എൽദോ എബ്രഹാം (വർക്കിംഗ് പ്രസിഡന്റ് ), കെ.ആർ. മോഹനൻ, പി.കെ. ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ഇ.കെ. സുരേഷ് (ജന. സെക്രട്ടറി), കെ.ജെ. മനോജ്, എ.എം. മധു (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.