 
നെടുമ്പാശേരി: ശബരിമല ദർശനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് മലേഷ്യ അയപ്പ സേവാസംഘം പ്രസിഡന്റ് യുവരാജ കുപ്പുസ്വാമി പറഞ്ഞു.
ശബരിമലയിൽ മാസപൂജയിൽ പങ്കെടുത്ത് മടങ്ങവേ നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെത്തുന്ന എൻ.ആർ.ഐക്കാരായ ഭക്തർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തിയില്ലെങ്കിൽ മടക്കയാത്ര പ്രതിസന്ധിയിലാകും. നിശ്ചിത സമയത്തിനകം ദർശനം കഴിഞ്ഞ് മടങ്ങാനായില്ലെങ്കിൽ വിമാനം ലഭിക്കാതെ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
ദിവസേന 80,000 പേർക്ക് മാത്രം ദർശനമെന്ന തീരുമാനം പുനപ്പരിശോധിക്കണം. വിദേശ രാജ്യങ്ങളിൽ നിന്ന് ഒരുമിച്ച് ദർശനത്തിന് തയ്യാറെടുക്കുന്നവർക്കെല്ലാം ഓൺലൈൻ ബുക്കിംഗ് ലഭിക്കാത്ത സാഹചര്യം പലവിധ പ്രശ്നങ്ങൾക്കും കാരണമാകും.
പ്രവർത്തനമില്ലാതെ മൂന്ന്
ഇൻഫർമേഷൻ കൗണ്ടർ
മലേഷ്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി മലേഷ്യ ബട്ട് കേവ് അയ്യപ്പ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഇൻഫർമേഷൻ കൗണ്ടർ ഏഴ് വർഷം പിന്നിട്ടിട്ടും പ്രവർത്തിക്കുന്നില്ല. 2017ലും 2022ലും ഇതിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ദേവസ്വം ബോർഡിന് പണച്ചെലവില്ലാതെ കൗണ്ടർ തുടങ്ങാൻ മലേഷ്യ അയ്യപ്പ സേവാസംഘമാണ് സൗകര്യമൊരുക്കിയത്. ശബരിമലയിലെ പൂജകൾ, താമസ സൗകര്യം, പ്രസാദം എന്നിവ ഓൺലൈൻ മുഖേന ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. പൂട്ടികിടക്കുന്ന കൗണ്ടറും കമ്പ്യൂട്ടറും ഫർണിച്ചറുകളുമെല്ലാം നശിക്കുകയാണ്. വിശാഖപട്ടണത്തും മുംബയിലും തുറന്ന കൗണ്ടറുകളും പൂട്ടിക്കിടക്കുന്നു. ഇവ തുറക്കാൻ പലവട്ടം ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവരാജ കുപ്പുസ്വാമി പറഞ്ഞു.
സ്വീകരണം നൽകി
ശബരിമല - മാളികപ്പുറം മേൽശാന്തി സമാജം ഭാരവാഹികൾക്ക് മലേഷ്യ അയ്യപ്പ സേവാസംഘം സ്വീകരണം നൽകി. പ്രസിഡന്റ് യുവരാജ കുപ്പുസ്വാമി അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി, സെക്രട്ടറി മൈലക്കോടത്ത് റെജികുമാർ നമ്പൂതിരി, ട്രഷറർ എടമന എൻ. ദാമോദരൻ പോറ്റി, തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് യൂണിയൻ പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാര സഭ ദേശീയ പ്രസിഡന്റ് കെ. അയ്യപ്പദാസ് എന്നിവർ സംസാരിച്ചു. സെപ്തംബർ 28, 29 തീയതികളിൽ മലേഷ്യയിൽ ശബരമില - മാളികപ്പുറം മേൽശാന്തിമാരുടെയും ഗുരുസ്വാമിമാരുടെയും വിവിധ അയ്യപ്പ സംഘടനകളുടെയും സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.