കോലഞ്ചേരി: പട്ടിമറ്റം ‌ടൗണിലെ കടഅടച്ച് വീട്ടിലേയ്ക്ക് പോകാനിറങ്ങിയ വ്യപാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേഅടിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമം. ലോട്ടറി മൊത്തവ്യാപാരി വി.ജി. സഞ്ജയനുനേരെ തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു അക്രമം. പട്ടിമറ്റം ‌ടൗണിലെ കൃഷ്ണ ലോട്ടറി ഏജൻസി ഉടമയാണ്. പട്ടിമറ്റം - കോലഞ്ചേരി റോഡിൽ അന്ന കിറ്റെക്സ് ഷോറൂമിന് സമീപമാണ് സംഭവം. കട അടച്ച് ഷോറൂമിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേയ്ക്ക് പോകുന്ന വഴി എതിർദിശയിൽനിന്ന് മുഖം മറച്ചെത്തിയ ഒരാൾ കൈയിലിരുന്ന ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. സഞ്ജയൻ അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുരുമുളക് സ്പ്രേ മുഖത്തടിച്ചശേഷം ഓടി രക്ഷപ്പെട്ട് സമീപത്തെ കിറ്റെക്സ് പാർക്കിംഗ് ഗ്രൗണ്ടിന്റെ മതിൽചാടി ഓടുകയായിരുന്നു. കണ്ണിൽ തെറിച്ച കുരുമുളകിന്റെ നീറ്റൽ മാറിയതോടെ സഞ്ജയൻ സമീപത്തുള്ള ആളുകളെ വിളിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് കാഴ്ച ശരിയാകുംവരെ നിന്നശേഷം കാറിൽക്കയറി. മൽപിടിത്തത്തിനിടെ കൈയിലുള്ള മൊബൈൽഫോണും തെറിച്ച് പോയിരുന്നു. ഫോൺ കണ്ടെടുത്തശേഷം കുന്നത്തുനാട് പൊലീസിൽ അറിയിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.