പള്ളുരുത്തി: മഴ ശക്തി പ്രാപിച്ചതോടെ കണ്ണമാലിയിലും പരിസരത്തും കടൽകയറ്റം രൂക്ഷമായി. ഇന്നലെ ഉച്ചയോടെയാണ് കണ്ണമാലി, ചെറിയ കടവ്, സൗദി, മാനാശേരി, കാട്ടിപ്പറമ്പ്, പൊലീസ് സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ കടൽവെള്ളം ഇരച്ചുകയറിയത്. പൊലീസ് സ്റ്റേഷന്റെ പുറക് വശത്തെ മതിൽ ഇടിഞ്ഞു വീണതിനെത്തുടർന്ന് പ്രദേശവാസികൾ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി.
പുത്തൻതോട് മുതൽ ചെറിയകടവ് ഭാഗം വരെയാണ് കടലേറ്റം ശക്തമായത്. ഈ ഭാഗത്ത് ടെട്രാപോഡ് നിർമ്മാണം കഴിഞ്ഞവർഷം പൂർത്തിയാക്കുമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. കടൽവെള്ളം ഇരച്ചുകയറിയതോടെ ഈ ഭാഗത്തെ നൂറ് കണക്കിന് വീടുകൾ വെള്ളത്തിലായി. വീട്ട് സാമഗ്രികളും നിർമ്മാണ സാമഗ്രികളും വെള്ളത്തിൽ ഒലിച്ചുപോയി. തെക്കെ ചെല്ലാനം മുതൽ പുത്തൻതോട് വരെ ടെട്രോപോഡ് നിർമ്മാണം പൂർത്തിയാക്കിയതിനാൽ ഈ ഭാഗത്ത് കടൽ കയറ്റം ഒഴിവായി. വെള്ളംകയറിയ വീട്ടുകാരെ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് വാർഡ് മെമ്പർമാർ ആവശ്യപ്പെട്ടു.
തീരദേശ റോഡുകളിലേക്ക് കടൽവെള്ളം ഇരച്ച് കയറിയതോടെ ഗതാഗതവും തടസപ്പെട്ടു. വിദ്യാർത്ഥികളും ജോലിക്കാരും കഷ്ടത്തിലായി. ഈ ഭാഗത്ത് നിർമ്മിച്ചിരുന്ന മണൽവാടകളും കടൽ വെള്ളത്തിൽ ഒലിച്ചു പോയി. സൗദി - മാനാശേരി ഗ്യാപ്പിലൂടെയും കടൽ വെള്ളം റോഡിലേക്ക് ഇരച്ച് കയറി.
ചെല്ലാനം ഗ്രാമത്തിലെ കടൽകയറ്റത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥലം എം.എൽ എ ഉണർന്ന് പ്രവർത്തിക്കാത്തതാണ് പ്രധാന കാരണമെന്ന് ചെറിയ കടവ് സ്വദേശി മാർട്ടിൻ ചൂണ്ടിക്കാട്ടി. വെള്ളം കയറിയ വീട്ടുകാരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റണം. പ്രശാന്ത്, വാർഡ് മെമ്പർ. ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ജോഷി പറഞ്ഞു. ഇത്രയും നാശം വിതച്ചിട്ടും ബന്ധപ്പെട്ടവർ സ്ഥലം സനർശിച്ചിട്ടില്ലെന്ന് നാട്ടുകാരനായ നികേഷ്‌കുമാർ പരാതിപ്പെട്ടു.