വൈപ്പിൻ: ഉത്തരവാദിത്വ ടൂറിസം മാതൃകയിലൊരു പ്രൊജക്ട് കടമക്കുടിയിൽ ഉടനെ യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ. പ്രത്യേക പദ്ധതി തയ്യാറാക്കുന്നത് പരിശോധിക്കാൻ ടൂറിസം ഡയറക്ടറെ ചുതലപ്പെടുത്തും. കടമക്കുടിയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തന്നെ മനോഹരമായ പഞ്ചായത്താണ് കടമക്കുടിയെന്ന് ചൂണ്ടിക്കാട്ടിയ എം.എൽ.എ, പ്രത്യേക സീസണിൽ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നൂറിലേറെ തരം ദേശാടന പക്ഷികൾ എത്തുന്ന ഇടമാണിതെന്നും പറഞ്ഞു.

ചിതറിക്കിടക്കുന്ന ചെറുദ്വീപുകളും ചെമ്മീൻ കെട്ടുകളും ചീനവലകളും നിറഞ്ഞ മാജിക്കൽ എന്ന് പറയാവുന്ന ഒരു അപ്കമിംഗ് ഡെസ്റ്റിനേഷനാണ് കടമക്കുടിയെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് ബജറ്റിൽ ഫണ്ട് വകയിരുത്തിയത്. ഇതിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കായലിന് ചുറ്റുമുള്ള വിവിധ ആക്ടിവിറ്റിസ് എല്ലാം സജ്ജമാക്കി ഉത്തരവാദിത്വ ടൂറിസം മാതൃകയിലാകും പ്രൊജക്ട് .

അനുഭവവേദ്യ ടൂറിസം അതിന് ഏറ്റവും ഭംഗിയുള്ള വിധം തന്നെ നടപ്പിലാക്കാൻ വിദഗ്ദ്ധാഭിപ്രായം തേടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ കടമക്കുടിയിലെയും പരിസരങ്ങളിലെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ബജറ്റിൽ എട്ടു കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.