digital

കൊച്ചി: മൂന്നാർ പ്രദേശത്തെ ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റലാക്കാൻ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രേഖകൾ ഡിജിറ്റലൈസ് ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

പള്ളിവാസലിൽ വർഗീസ് കുര്യൻ നിർമ്മിക്കുന്ന റിസോർട്ടിന് എൻ.ഒ.സി ആവശ്യമില്ലെന്നു കത്ത് നൽകിയ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്, കത്തിൽ ഒപ്പിട്ട ഡെപ്യൂട്ടി കളക്ടർ കെ. മനോജ് എന്നിവർക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ റിപ്പോർട്ട് ഫയൽ ചെയ്തു. കത്ത് നൽകിയതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നിർദ്ദേശിക്കണം. സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടോ എന്നതിൽ വിജിലൻസിന്റെ ത്വരിതപരിശോധന വേണം എന്നീ ആവശ്യങ്ങളും റിപ്പോർട്ടിലുണ്ട്. കളക്ടർ കത്ത് നൽകിയത് ഹൈക്കോടതി ഉത്തരവുകൾ മറികടന്നാണ്. അനധികൃത നിർമ്മിതി സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പരുന്തുപാറ മേഖലയിലും ഇത്തരം നിർമ്മാണമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.