കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജിൽ പൂട്ടിയിട്ടശേഷം കഴുത്തിൽ കത്തിവച്ച് പണവും മൊബൈൽഫോണും കവർന്ന കേസിലെ പ്രതി കണ്ണൂർ തളിപ്പറമ്പ് ആൽബിൻ ആന്റണിയെ (29) കോടതി റിമാൻഡ് ചെയ്തു. പാലായിലെ പള്ളിവികാരിയെയാണ് കൊള്ളയടിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് എത്തിയതായിരുന്നു വൈദികൻ. തിരികെ കോട്ടത്തേയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ബാത്ത്റൂം ഉപയോഗിക്കാനായി ലോഡ്ജിൽ മുറിയെടുത്തതായിരുന്നു. മുറിയിലിരിക്കെ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി കഴുത്തിൽ കത്തിവച്ച് 40,000 രൂപയും ആപ്പിൾ ഐഫോണും സ്മാർട്ട് വാച്ചും കൈക്കലാക്കി. തുടർന്ന് വസ്ത്രമഴിപ്പിച്ച് നഗ്‌നചിത്രം പർത്തിയശേഷം സ്ഥലംവിടുകയായിരുന്നു. വൈദികന്റെ പരാതിയിൽ ചൊവ്വാഴ്ചയാണ് ആൽബിനെ പിടികൂടിയത്. ഫോണും സ്മാർട്ട്‌വാച്ചും പ്രതിയിൽനിന്ന് കണ്ടെടുത്തു. പണം വിനിയോഗിച്ച് തീർത്തെന്നാണ് ഇയാളുടെ മൊഴി.