മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്‌കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു. ദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ രക്ഷകർത്താക്കളുടെ സൃഷ്ടി അമ്മ പതിപ്പ് പ്രകാശനം ചെയ്തു. ക്ലാസ് തലങ്ങളിൽ ലഹരി വിരുദ്ധ വലയവും കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും നടത്തി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം. അലി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻ‌ഡ് റിക്രിയേഷൻ ക്ലബ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു. വനിതാ വേദിയുടെ നേതൃത്വത്തിൽ അക്ഷര ദീപം തെളിയിക്കൽ, ലഹരിക്കെതിരായ കൂട്ടായ്മ, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. വനിതാ വേദി കൺവീനർ റസിയ അലിയാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധദിനാഘോഷം നടത്തി. എൻ.സി.സി, എസ്.പി.സി, റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്, ശാസ്ത്ര ക്ലബ് എന്നീ സന്നദ്ധ സംഘടനകൾ നേതൃത്വം നൽകി. സ്കൂൾ അസംബ്ലിയിൽ പ്രധാന അദ്ധ്യാപിക ജീമോൾ കെ. ജോർജ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.