
മൂവാറ്റുപുഴ: മലയോര മേഖലയിൽ മഴ കനത്തതോടെ മൂവാറ്റുപുഴയാർ നിറഞ്ഞുകവിഞ്ഞു. ഇതോടെ മൂവാറ്റുപുഴ നഗരം ഭീതിയിലായി. മൂവാറ്രുപുഴയാറിന്റെ കൈവഴികളായ കാളിയാറും തോടുപുഴയാറും കോതമംഗലംആറും അപകടകരമാംവിധം നിറഞ്ഞകവിഞ്ഞ് ഒഴുകുകയാണ് . ചന്തകടവുമുതൽ ലതാ പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളിക്കടവുകളും വെള്ളത്തിൽ മുങ്ങി. മലങ്കരഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻ മേഖലയിൽ മഴ ശക്തിപ്പെട്ടതോടെ കാളിയാർ പുഴയും നിറഞ്ഞു. ഇതോടെ മഴ കനത്താൽ മൂവാറ്റുപുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. വെള്ളൂർകുന്നം കടവിൽ ഏതാനം പടികൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം മുങ്ങി. 2018ലും 19ലും 20ലുമുണ്ടായ പ്രളയങ്ങളിൽ മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നിരുന്നു. മഴ കനത്ത സാഹചര്യത്തിൽ റവന്യൂ വകുപ്പും തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും ജാഗ്രതയിലാണ് . അഗ്നിശമനസേനയും പൊലീസും സന്നദ്ധസംഘടനകളും ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിട്ടുണ്ട്.