kannamali

കൊച്ചി: തോരാതെ പെയ്യുന്ന മഴയും കാറ്റും ജില്ലയിൽ ദുരിതം വിതച്ചു. മണ്ണിടിച്ചിലും മരം വീഴ്ചയും വെള്ളക്കെട്ടും രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 67.58 മില്ലിമീറ്റർ മഴ പെയ്തു. ചെല്ലാനം പ്രദേശത്ത് കടലാക്രമണത്തിൽ വീടുകളിലും തീരദേശ റോഡുകളിലും വെള്ളം കയറി.

കണ്ണമാലി പൊലീസ് സ്റ്റേഷൻ മുതൽ പുത്തൻതോട് വരെയുള്ള ഭാഗത്തെ വീടുകളിലും പൊലീസ് സ്റ്റേഷനിലും വെള്ളം കയറി. ഞാറക്കൽ, എടവനക്കാട് വില്ലേജുകളിൽ കടൽക്ഷോഭം ശക്തമായ പ്രദേശങ്ങൾ തഹസിൽദാർ സന്ദർശിച്ചു.
മൂവാറ്റുപുഴയാർ നിറഞ്ഞുകവിഞ്ഞു. കാളിയാർ, തൊടുപുഴ, കോതമംഗലം ആറുകൾ നിറഞ്ഞൊഴുകുകയാണ്.

മൂന്നു ദിവസമായി തുടരുന്ന മഴയിലും 26 വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാക്കനാട് വില്ലേജിലെ കീരേലിമല ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നിലവിലുള്ളതിനാൽ ഏഴു വീട്ടുകാരെ കാക്കനാട് വനിതാ വ്യവസായ കേന്ദ്രത്തിലേക്ക് മാറ്റി.

ഭൂതത്താൻകെട്ട് ബാരേജിന്റെ ഏഴും മലങ്കര ഡാമിന്റെ മൂന്നും ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നു. പെരിയാറിലെ ജലനിരപ്പുയർന്നതിനാൽ ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം കയറി.

മട്ടാഞ്ചേരിയിൽ ഒരു വീട് ഭാഗികമായി തകർന്നു. ആലുവ തോട്ടക്കാട്ടുകര ജി.സി.ഡി.എ റോഡിൽ ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം വഴിയരികിലെ നാല് തണൽ മരങ്ങൾ കടപുഴകി വീണു. ആളപായമില്ല.

തൃപ്പൂണിത്തുറ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിന് സമീപമുള്ള കുറപ്പശ്ശേരി റോഡിൽ വലിയ തേക്ക് മരംനിലംപൊത്തി. അതേ റോഡിൽ മൂന്ന് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കോതമംഗലം മണികണ്ടംചാൽ ചപ്പാത്ത് മുങ്ങി പ്രദേശവാസികൾ ഒറ്റപ്പെട്ടു. വെള്ളാരംകുത്ത്, ഉറിയംപെട്ടി പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ദുരിതത്തിലായത്

മരം വീഴ്ച

കുന്നത്തുനാട് പന മറിഞ്ഞ് വീണ് കല്ലുമലയിൽ അമ്മിണി കുറമ്പന്റെ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു. നാലു വയസുകാരിക്ക് പരിക്കേറ്റു.

കുന്നത്തുനാട് ഐക്കരനാട് സൗത്തിൽ തെക്കെ വാരിശേരിയിൽ മഹിളാമണിയുടെ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു. ആളപായമില്ല.

കുമ്പളങ്ങി നെച്ചിക്കാട്ട് നാരായണന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.

കുന്നത്തുനാട് കോടനാട് പുൽക്കുഴി ഷാജിയുടെ വീടിന് മുകളിലേക്ക് മരം വീണു.

തൃക്കാരിയൂർ തടത്തിക്കവല മുരളീധരന്റെ വീടിന് മുകളിൽ മരം വീണു. സമീപവാസിയായ നക്ലിക്കാട്ട് ചന്ദ്രന്റെ വീടിന് മുകളിലും മരം വീണിട്ടുണ്ട്.

പറവൂർ ചേന്ദമംഗലം കിഴക്കും പുറത്ത് തയ്യിൽ സുഭാഷിന്റെ വീടിന് കാറ്റിൽ കേടുപാടുണ്ടായി.