accused

തൊടുപുഴ: സ്‌പെഷ്യൽ സ്‌ക്വാഡ് പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കച്ചവക്കാരനിൽ പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. തൊടുപുഴ മുതലിയാർമഠത്ത് വാടകയ്ക്ക് താമസിക്കുന്ന നേര്യമംഗലം സ്വദേശി കോയിക്കര റെനി റോയിയെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞിരമറ്റം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ കടയിൽ നിന്ന് നേരത്തെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കടയിലെത്തിയ റെനി താൻ സ്‌പെഷ്യൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. കച്ചവടക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് എസ്.ഐ എം.സി. ഹരീഷിന്റെ നേതൃത്വത്തിൽ പ്രതിയെ തൊടുപുഴയിൽ നിന്ന് പിടികൂടിയത്. ഒരു വർഷം മുമ്പ് ഗാന്ധി സ്‌ക്വയറിൽ യുവാവിനെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.