ചോറ്റാനിക്കര: കുടുംബശ്രീയുടെ മറവിൽ സൂപ്പർമാർക്കറ്റ് തുടങ്ങാൻ തുച്ഛമായ തുകയ്ക്ക് ചോറ്റാനിക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറി നൽകാനുള്ള ഭരണസമിതി നീക്കത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാകുന്നു. 18ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് 10 കടമുറികൾ ഒരുമുറിക്ക് അമ്പതിനായിരം രൂപ സെക്യൂരിറ്റിക്കും 3500 രൂപ വാടകയ്ക്കും വനിതാ മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സൂപ്പർമാർക്കറ്റ് തുടങ്ങാനായി നൽകാൻ എൽഡിഎഫ് ഭരണസമിതി തീരുമാനിച്ചത്. ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി.

പഞ്ചായത്ത് മുൻകൈയെടുത്ത് കഴിഞ്ഞവർഷമാണ് വനിതാ മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് സൂപ്പർമാർക്കറ്റ് ആരംഭിക്കാൻ പദ്ധതി തുടങ്ങിയത്. സൊസൈറ്റിയിലെ അംഗത്വത്തിന് 100 രൂപയും ഒരു ഷെയറിന് 500 രൂപ വീതവും കുടുംബശ്രീ അംഗങ്ങളിൽനിന്ന് പിരിച്ചു.

ഇത്തരത്തിൽ മൂന്നരലക്ഷത്തോളംരൂപ അംഗങ്ങളിൽനിന്ന് സ്വരൂപിച്ചതിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്ന് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.

പ്രതിപക്ഷ ആരോപണങ്ങൾ

പഞ്ചായത്തിലെ കടമുറികൾ ലേലം ചെയ്ത് നൽണമെന്നനിയമം കാറ്റിൽപ്പറത്തി

ലക്ഷങ്ങൾ സെക്യൂരിറ്റിയും 4000രൂപവരെ വാടകയും ലഭിച്ചിരുന്ന മുറികൾ ഒഴിപ്പിച്ച്

പഞ്ചായത്തിന്റെ വരുമാനം ഇല്ലാതാക്കി

കുടുംബശ്രീയുടെ പേരിൽ പാർട്ടിക്കുള്ളിലെ വ്യവസായികളെ സഹായിക്കാനുള്ള നീക്കം

* കോടതിയെ സമീപിക്കും
എൽ.ഡി.എഫ് നേതാക്കളുടെ ബെനാമികൾക്ക് കുടുംബശ്രീയെ മറയാക്കി സൂപ്പർമാർക്കറ്റ് തുടങ്ങാനാണ് പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്യുന്നത്. പഞ്ചായത്തിന് സാമ്പത്തിക നഷ്ടംവരുത്തി നിയമവിരുദ്ധമായി കടമുറികൾ നൽകാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യും.

എൻ.ആർ. ജയകുമാർ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് .

കടമുറി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

പഞ്ചായത്ത് സെക്രട്ടറി

ഇൻ ചാർജ്