
വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ രൂക്ഷമായ കടൽകയറ്റത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇന്നലെ രാവിലെ 8 മുതൽ വില്ലേജ് ഓഫീസ് പരിസരത്ത് വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാന പാത നാട്ടുകാർ ഉപരോധിച്ചു. കടൽ കയറ്റം തടയാൻ ജിയോബാഗ് സ്ഥാപിക്കുക തുടങ്ങിയ താത്കാലിക നടപടികൾ സ്വീകാര്യമല്ലെന്നും ചെല്ലാനം മോഡലിൽ ടെട്രാപോഡ് സ്ഥാപിച്ച് കടലാക്രമണം ശാശ്വതമായി പരിഹരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, തീരദേശ സംരക്ഷണ സമിതി ചെയർമാൻ കെ.ആർ സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 150 ഓളം പേരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്.
ഉച്ചയോടെ സബ് കളക്ടർ, അസിസ്റ്റന്റ് ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിച്ചു. സമരത്തിന് നേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാമുമായി ചർച്ച ചെയ്തു. ടെട്രാപോഡ് നിർമ്മിക്കുന്നതിന് 58 കോടി രൂപയുടെ പ്രൊജക്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടി അംഗീകരിച്ചിട്ടുണ്ടെന്നും ഇതിന് ഫണ്ട് അനുവദിച്ച് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇന്ന് എടവനക്കാട് ഗ്രാമപഞ്ചായത്ത് ഹർത്താൽ ആചരിക്കാനും സമരക്കാർ തീരുമാനിച്ചിട്ടുണ്ട്.
കടൽകയറ്റം അതിരൂക്ഷം
കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന കടൽകയറ്റം 150 ഓളം വീടുകളെ ബാധിച്ചു. എടവനക്കാട് 9,13 വാർഡുകളിലെ അണിയിൽ മുതൽ പനങ്ങാട് വരെയുള്ള തീരദേശങ്ങളിലാണ് കടൽ കയറ്റം. മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങളും വീട്ട് സാമഗ്രികളും വെള്ളത്തിലായി. പ്രദേശവാസികളെ മാറ്റി പാർപ്പിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും എത്തിയെങ്കിലും ആരും പോകുവാൻ തയ്യാറായില്ല.
പുലിമുട്ട്, ടെട്രാപോഡ് എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ടെന്നും ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിന് വടക്ക് പഴയ കപ്പേളയ്ക്ക് സമീപം മണൽവാട തകർന്ന് വീടുകളിൽ വെള്ളം കയറി. 4 വീടുകളിലാണ് വെള്ളം കയറിയത്. കടൽ അടിച്ചുകയറിയ മണ്ണ് തീരദേശ റോഡിനെ മൂടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
കടൽകയറ്റം രൂക്ഷമായ പ്രദേശങ്ങളിൽ തോടുകളുടെ ആഴം വർദ്ധിപ്പിച്ച് വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതി ജില്ലാ കളക്ടർ അംഗീകരിച്ചിട്ടുണ്ട്.