മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് നിരവധി പേർ ലൈഫ് വിഹിതം കിട്ടാതെ കാത്തിരിക്കെ, അനധികൃത ആനുകൂല്യം മെമ്പർ എന്ന നിലയിൽ എം.സി. വിനയന് ലഭിച്ചത് സത്യപ്രതിജ്ഞ ലംഘനവും കുറ്റകൃത്യവുമാണെന്ന് ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് അരുൺ പി .മോഹൻ. എം.സി വിനയൻ രാജിവയ്ക്കണമെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി വീഡിയോ എടുത്ത ബി.ജെ.പി നേതാവിനെതിരെ പരാതി നൽകിയതായി എം.സി. വിനയന്റെ ഭാര്യ അശ്വതി സോമൻ പറഞ്ഞു. വിനയന്റെ ഭാര്യയുടെ പേരിൽ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി നടക്കുന്നയിടത്താണ് ബി.ജെ.പി നേതാവ് അരുൺ പി. മോഹൻ വീഡിയോ എടുത്തത്. അർഹതയുടെ അടിസ്ഥാനത്തിലാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്. വീട്ടിൽ നിന്ന് വിലപ്പെട്ട പലതും നഷ്ടപ്പെട്ടതായും അശ്വതി സോമൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.