
കൊച്ചി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ പനിച്ചുവിറച്ച് ജില്ല. ഒരാഴ്ചയ്ക്കിടെ അയ്യായിരത്തോളം പേർ പനിബാധയോ ലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഡെങ്കിപ്പനി ബാധിതരും കുതിക്കുന്നു. ഏഴ് ദിവസത്തിൽ 239 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 219 പേർ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടി. ഒരാൾ ഡെങ്കിബാധിച്ച് മരിച്ചു. ബുധനാഴ്ചയാണ് കൂടുതൽ പേർക്ക് ഡെങ്കി സ്ഥിരീകരിച്ചത്. 74 പേർ. 23ന് ഒൻപത് പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതാണ് ഏറ്റവും കുറഞ്ഞത്.
വൈറൽപ്പനി പടരുന്നു
വൈറൽപനി ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറൽപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം 4499. 200ലേറെപ്പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചു. ജൂൺ 20 മുതൽ 26 വരെയുള്ള കണക്കുകളാണിത്. ഇതിൽ 126 പേരും ഒന്നോ അതിലേറെയോ ദിവസം കിടത്തിച്ചികിത്സ തേടിയവരാണ്. മഞ്ഞപ്പിത്ത ബാധയിൽ നേരിയ കുറവ് വന്നെങ്കിലും ഈ ഏഴ് ദിവസം കൊണ്ട് 37 പേർക്ക് സ്ഥിരീകരിച്ചു. 60ലേറെപ്പേർ മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി ചികിത്സ തേടി.
ഒരാഴ്ച ഡെങ്കിപ്പനി ബാധിതർ
(തീയതി, എണ്ണം എന്ന കണക്കിൽ)
20 37
21 22
22 29
23 09
24 42
25 26
26 74
പ്രതിരോധം; കളക്ടറുടെ യോഗം
ജില്ലയിലെ പകച്ചർവ്യാധി പ്രതിരോധം കൂടുതൽ ശക്തമാക്കാൻ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇതിനായി ഓരോ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ തദ്ദേശ വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി.
ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിട നശീകരണം കൂടുതൽ കാര്യക്ഷമമാക്കും. സ്ഥിരമായി ചില മേഖലകൾ കേന്ദ്രീകരിച്ച് രോഗ വ്യാപനമുണ്ടാകുന്നുണ്ടെന്നും യോഗം വിലയിരുത്തി. മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി അവ നീക്കും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന ഓൺലൈനായി പങ്കെടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സവിത, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. ആശ, തുടങ്ങിയവർ പങ്കെടുത്തു.